നഗരസഭയെ മാലിന്യമുക്തമാക്കാന്‍ യുവ കാസര്‍കോട്

Spread the love

കാസര്‍കോട് നഗരസഭയെ ക്ലീനാക്കാന്‍ യുവ കാസര്‍കോട് സജ്ജം. മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് യുവ കാസര്‍കോട് എന്ന പേരില്‍ കാസര്‍കോട് നഗരസഭ. മാലിന്യമുക്ത നഗരസഭയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിനകം കാസര്‍കോട് നഗരസഭ നടപ്പിലാക്കുന്നത്. ശുചിത്വ മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം 17ന് ഗാര്‍ബേജ് മുക്ത നഗരം പരിപാടി നടത്തും. ഇതിന് വേണ്ടിയാണ് യുവ കാസര്‍കോട് ടീം രൂപീകരിച്ചത്. ഖലീല്‍ കൊല്ലംപാടിയാണ് ടീം ക്യാപ്റ്റന്‍.എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, യൂത്ത് ക്ലബ്ബുകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളാകും. 17ന് രാവിലെ എട്ടിന് കസബ കടപ്പുറത്ത് സ്വച്ഛതാ റാലി നടത്തും. തുടര്‍ന്ന് കസബ ഹാര്‍ബര്‍ മുതല്‍ ചേരങ്കൈ വരെ ശുചീകരിക്കും. പകല്‍ നടത്തത്തിനിറങ്ങുന്നവരെയും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഗാര്‍ബേജ് മുക്ത നഗരം പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി എസ്.ബിജു പറഞ്ഞു.

Author