നൊച്ചുള്ളി ഗ്രാമത്തിനു റിലീവിംഗ് ഹംഗര്‍’ പദ്ധതിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ലയൺസ്‌ ക്ലബ്ബ്

Spread the love

പാലക്കാട്: മഹാത്മാവിന്റെ പാദസ്പർശത്താൽ സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയൺസ്‌ ക്ലബ്ബ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു വാളയാർ വാലി ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രമവാസികൾക്കായി ‘റിലീവിംഗ് ഹംഗര്‍’ പദ്ധതിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമൂഹത്തിൽ നിന്ന് മാറി ജീവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഈ സമൂഹത്തെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായാണ് ലയൺസ്‌ ക്ലബ്ബ് 318 ഡി പദ്ധതികൾക്കു തുടക്കം കുറിച്ചത് .

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ പദ്ധതികൾ ഉത്‌ഘാടനം ചെയ്തു. സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ലാത്ത ഗ്രാമവാസികളുടെ ആരോഗ്യമുറപ്പാക്കുകയും , ‘റിലീവിംഗ് ഹംഗര്‍’ പദ്ധതിയിലൂടെ ഗ്രാമവാസികളെ വിശപ്പുരഹിതരാക്കുകയുമാണ് ലക്ഷ്യമെന്നു ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ പറഞ്ഞു .

ഇതോടൊപ്പം നെച്ചൂള്ളി ഗ്രാമത്തിനു മഹാത്മാ ഗാന്ധിയുടെ സന്ദർശന സ്മരണാർത്ഥം നിർമ്മിച്ച പൊതു കിണറും ലയൺസ് ക്ലബ് അധികൃതർ സന്ദർശിച്ചു. ലയൺസ്‌ ക്ലബ്ബ് 318 ഡിയുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നിരവധി സന്നദ്ധ-സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ജെയിംസ് വളപ്പില , ലയൺസ് ഡിസ്ട്രിക്ട് കോഡിനേറ്റർ അഡ്വ. ഗിരീഷ്.കെ.നൊച്ചോളി, റീജിയണൽ ചെയർപേഴ്സൺ ലയൺ കെ.വി.ശ്രീധരൻ , സോൺ ചെയർപേഴ്സൺ ലയൺ അഡ്വ. പ്രഭാകരൻ.കെ, പ്രസിഡന്റ് ലയൺ കൃഷ്ണകുമാർ മരുതം പള്ളത്, സെക്രട്ടറി ലയൺ കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.

Report : Asha Mahadevan

 

Author