ജില്ലയിൽ 3105 പേരെ ‘ചിരി’പ്പിച്ച് പൊലീസ്

കണ്ണൂർ: ‘സാറേ..എനിക്കിനി സ്‌കൂളിൽ പോകേണ്ട…! എല്ലാവരും എന്നെ കളിയാക്കുന്നു. ആർക്കും എന്നെ വേണ്ട. എന്റെ അച്ഛനെ ഒന്ന് ജയിലിലാക്കാൻ പറ്റുമോ?’ അതും പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു. മദ്യപാനിയായ അച്ഛൻ കാരണം നാട്ടിലും സ്‌കൂളിലും ഒറ്റപെട്ടുപോയ ഒരു എട്ടാം ക്ലാസുകാരൻ കേരള പൊലീസിന്റെ ‘ചിരി’ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പറഞ്ഞ കാര്യങ്ങളാണിത്. അച്ഛന്റെ അമിത മദ്യപാനം തളർത്തിക്കളഞ്ഞ കുരുന്നിന്റെ വാക്കുകൾ ..! ഇന്നവന്റെ സങ്കടങ്ങൾക്ക് അറുതിയായി. കേരള പൊലീസ് ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയതിനാൽ മദ്യപാനിയായ അച്ഛൻ ലഹരി വിമുക്തനായി.
വിവിധ കാരണങ്ങളാൽ ജീവിതത്തിൽ ചിരി നഷ്ടപ്പെട്ട കുട്ടികൾക്ക് ചിരി ഹെൽപ് ലൈനിലൂടെ കൈത്താങ്ങാവുകയാണ് കേരള പൊലീസ്. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആവിഷ്‌കരിച്ച ‘ചിരി’ ഹെൽപ്പ് ലൈനിലേക്ക് ജില്ലയിൽ ഇതുവരെ എത്തിയത് 3105 ഫോൺ വിളികൾ. ഇതിൽ 969 പേർക്ക് കൗൺസലിംഗ് നൽകി. കൗൺസലർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെന്റർ, പിയർ മെന്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസലിംഗ്. പ്രശ്‌നകാരണം ബോധ്യപ്പെടുത്തി കുട്ടികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങളും പരാതികളുമായിരുന്നു മറ്റുള്ളവ. സംശയങ്ങൾ ഫോണിലൂടെ പരിഹരിച്ചു. പരാതികളിൽ അന്വേഷണം നടത്തി.ലൈംഗിക അതിക്രമങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, വീട്ടുകാരുടെ ലഹരി വസ്തു ഉപയോഗം, അയൽവാസികളുടെ മോശം പെരുമാറ്റം, സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ, പരീക്ഷയിലെ മാർക്ക് കുറവ്, പ്രണയ ബന്ധങ്ങൾ വീട്ടിൽ അറിയുമോ എന്ന ഭയം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കുട്ടികളെ അലട്ടുന്നത്. 2020 മുതൽ ഇതുവരെ ജില്ലയിൽ 31 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നും പ്രശ്നങ്ങൾ പരിഹരിച്ച് ആത്മഹത്യ ഉൾപ്പടെ തടയാനാണ് ‘ചിരി’ പ്രവർത്തിക്കുന്നതെന്നും എസ് പി സി പ്രൊജക്റ്റ് അസി. ജില്ലാ നോഡൽ ഓഫീസർ കെ രാജേഷ് പറഞ്ഞു.ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന ഒരു വിഭാഗത്തിന് മറ്റ് കുട്ടികളുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ്. അത്തരം പ്രശ്നങ്ങൾ വിദ്യാലയങ്ങളിൽ അറിയുമോ എന്ന ഭയം ഒഴിവാക്കാൻ ജില്ലക്ക് പുറത്തുള്ള പിയർ മെന്റർമാരുമായി സംസാരിക്കാൻ ‘ചിരി’ അവസരമൊരുക്കുന്നു. കുട്ടി പൊലീസ്, ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൺ പദ്ധതി എന്നിവയിൽ നിന്നും തെരഞ്ഞെടുത്ത 290 പേരെയാണ് പരിശീലനം നൽകി പിയർ മെന്റർമാരാക്കിയത്. പഠന വിഷയങ്ങളിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ 18 വയസിന് മുകളിലുള്ള മുൻ എസ് പി സി അംഗളുടെ സേവനവും ലഭ്യമാക്കുന്നു.അമിതമായ മൊബൈൽ ഉപയോഗം, മൊബൈൽ ഗെയിം അഡിക്ഷൻ, കുട്ടികളുടെ ആത്മഹത്യാഭീഷണി, ലഹരി ഉപയോഗം എന്നിവക്കുള്ള പരിഹാരം തേടിയാണ് മാതാപിതാക്കൾ കൂടുതലായും വിളിക്കുന്നത്. ലഹരി ഉപയോഗത്തിന് എക്സൈസ് വകുപ്പുമായി ചേർന്നാണ് പരിഹാരം കാണുന്നത്. ഗുരുതര മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവർക്ക് മനശാസ്ത്ര വിദഗ്ധരുടെ നേരിട്ടുളള സേവനം ലഭ്യമാക്കുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് ലൈൻ, വനിതാ ശിശു വികസന വകുപ്പ്, എക്സൈസ്, കുടുംബശ്രീ, പട്ടികജാതി വികസന വകുപ്പ് എന്നിവയെ ഉൾപ്പെടുത്തി രൂപികരിച്ച കൺവേർജിംഗ് കമ്മിറ്റിയുടെ സഹായവും ഹെൽപ്പ് ലൈനിനുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രശ്നം പരിഹരിക്കാൻ 9497900200 എന്ന നമ്പറിൽ വിളിക്കാം.

Leave Comment