ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സിനോട് യോജിപ്പില്ല : കെ.സുധാകരന്‍ എംപി

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണ്ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടിയോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ചാന്‍സലര്‍ പദവി നിയന്ത്രണത്തിലാകുന്നതോടെ സിപിഎം നോമിനികളെ സര്‍വകലാശാലകളില്‍ കുത്തിനിറയ്ക്കാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും സിപിഎം രാഷ്ട്രീയവത്കരണം നടപ്പാക്കുകയാണ്.അത് സര്‍വകലാശാലകളിലും വ്യാപകമായി നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ്.ആ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം ഒന്നാണ്. വ്യക്തമായ സ്വതന്ത്ര രാഷ്ട്രീയ കാഴ്ചപാടുള്ള മുന്നണിയും പ്രസ്ഥാനവുമാണ് യുഡിഎഫും കോണ്‍ഗ്രസും. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ സ്ഥിതിയാണ്. എന്നാല്‍ അവിടത്തേതിന് സമാനമല്ല കേരളത്തിലെ രാഷ്ട്രീയസ്ഥിതി. അധികാരത്തിന്റെ ബലത്തില്‍ തറ രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്.അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ സാധ്യമല്ല. ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും പിന്‍വാതില്‍ വഴി തിരുകിക്കയറ്റി താക്കോല്‍ സ്ഥാനങ്ങളിലും മറ്റും നിയമനം നല്‍കുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ സംസ്‌കാരമാണ് സിപിഎം കേരളത്തില്‍ പയറ്റുന്നത്.

ഭരണഘടനാപരമായ കടമകളില്‍ ഗവര്‍ണ്ണര്‍ വെള്ളം ചേര്‍ക്കരുത്.സര്‍വകലാശാലയുടെ ഗുണമേന്മ തകര്‍ക്കുന്ന തെറ്റായ നപടികള്‍ തിരുത്താന്‍ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമില്ല. ചട്ടവിരുദ്ധ നിയമനം നടത്താന്‍ സര്‍ക്കാരിന് അവസരം നല്‍കിയത് ഗവര്‍ണ്ണറുടെ ബാലിശമായ നടപടികളാണ്. നാളിതുവരെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞതിന് അനുസരിച്ച് തലയാട്ടുകയായിരുന്നു ഗവര്‍ണ്ണര്‍. ക്രമവിരുദ്ധ നിയമനങ്ങള്‍ക്ക് വഴങ്ങിയതിന്റെ തിക്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment