തലശേരി ഇരട്ടക്കൊലപാതകവും ഒറ്റപ്പെട്ട സംഭവമോ? ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് സി.പി.എം ഒത്താശ : പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (24/11/2022)

തിരുവനന്തപുരം : തലശേരിയില്‍ ലഹരിക്കടത്ത് സംഘം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബുവെന്ന ക്രിമിനല്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വാര്‍ത്താമാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സി.പി.എമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാമെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജീര്‍ണത വ്യക്തമാക്കുന്നതാണ്. സി.പി.എമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും നേതാക്കളും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. നിര്‍ഭയരായി ആര്‍ക്കും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പരിഗണനയില്‍ കൊലക്കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കാന്‍ സി.പി.എം മുതിരരുത്. തലശേരി ഇരട്ട കൊലപാതകത്തെയും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഒറ്റപ്പെട്ട സംഭവമായാണോ കാണുന്നതെന്ന് വ്യക്തമാക്കണം.

ലഹരിക്കടത്ത്, ഗുണ്ടാ മാഫിയകളുടെ സുരക്ഷിത കൊറിഡോറായി കേരളം മാറിയെന്നത് പ്രതിപക്ഷം നിയമസഭയിലും പുറത്തും ആവത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നിട്ടും ഇത്തരം മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ കാര്യക്ഷമമായ യാതൊരു നടപടിയും ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചും പത്തും ഗ്രാം ലഹരി മരുന്നുമായി നടക്കുന്ന കാരിയേഴ്സിനെയാണ് എക്സൈസും പൊലീസും പിടികൂടുന്നത്. എസ്.പിയുടെയും എസ്.എച്ച്.ഒയുടെയും പണി സി.പി.എം ജില്ലാ, ഏരിയാ സെക്രട്ടറിമാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്രമസമാധാനം നടപ്പാക്കി പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചുമതലപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ അടിമപ്പണി ചെയ്യുകയാണ്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതും ഭരണത്തണലില്‍ പാര്‍ട്ടി ക്രിമിനലുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചതുമാണ് ലഹരി, ഗുണ്ടാ മാഫികളുടെ കൊറിഡോറാക്കി കേരളത്തെ മാറ്റിയത്.

മതില്‍ കെട്ടിയോ കൂട്ടയോട്ടം സംഘടിപ്പിച്ചോ കാമ്പയിന്‍ നടത്തിയോ ലഹരി മാഫിയയെ പ്രതിരോധിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ലഹരി സംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള കര്‍ശന നടപടിളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനായി പാര്‍ട്ടി നേതാക്കളില്‍ നിന്നും മോചിപ്പിച്ച് പൊലീസിനെയും എക്‌സൈസിനെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്.

Author