ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സി.പി.എം അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (25/11/2022)

കോതി ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് പ്രതിരോധിക്കും; ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സി.പി.എം അവസാനിപ്പിക്കണം

തിരുവനന്തപുരം :   കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കല്‍ പ്രദേശങ്ങളില്‍ ശുചിമുറി മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കോര്‍പറേഷനും സര്‍ക്കാരും പിന്‍മാറണം. ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണ്. കഴിഞ്ഞ ദിവസം കോതിയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് മതില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചഴ്ക്കുകയും ചെയ്തത് നീതീകരിക്കാനാകില്ല. സ്ത്രീകളോടും കുട്ടികളോടും പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നത് പല തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് അതിക്രമത്തിന് കുടപിടിച്ച് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സര്‍ക്കാര്‍ സമരക്കാരെ മാവോയിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമാക്കി പരിഹസിക്കുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും വേണം സംസ്ഥാനത്ത് ഏത് പദ്ധതിയും നടപ്പാക്കേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. അല്ലാതെ എതിര്‍പ്പ് അവഗണിച്ചും പദ്ധതി നടപ്പാക്കുമെന്ന വാശി യു.ഡി.എഫ് അംഗീകരിക്കില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കും.

ലഹരി- ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. സി.പി.എം നേതാക്കളാണ് ലഹരി മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് തലശേരി ഇരട്ടക്കൊലപാതകം. കൊല്ലപ്പെട്ടവരും കൊലയാളി സംഘവും സി.പി.എം പ്രവര്‍ത്തകരാണ്. സി.പി.എമ്മിന് വേണ്ടി ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെയാണ് ലഹരി ഇടപാടുകള്‍ക്ക് പിന്നിലെന്നും വ്യക്തമായിരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന സി.പി.എം നേതാക്കള്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി വെളിപ്പെടുത്താന്‍ തയാറാകണം. പ്രാദേശിക തലങ്ങളില്‍ സി.പി.എം നേതാക്കള്‍ ലഹരി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ തയാറായില്ല. ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ലഹരി മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം തയാറാകണം.

Author