ബഫര്‍സോണിന്റെ മറവില്‍ മലയോരത്ത് മരട് ആവര്‍ത്തിക്കും : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: ബഫര്‍സോണിന്റെ മറവില്‍ മലയോരത്ത് കൊച്ചിയിലെ മരടില്‍ നടന്ന കെട്ടിടം പൊളിച്ചടുക്കല്‍ പ്രക്രിയ ആവര്‍ത്തിക്കുവാന്‍ വനംവകുപ്പ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ കമ്മറ്റിയില്‍ നിന്ന് മലയോരജനതയ്ക്ക് നീതി ലഭിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ശരിയെന്ന്

തെളിയിക്കപ്പെടുന്നു. നേരിട്ടുള്ള പഠനം നടത്താതെ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും സമര്‍പ്പിക്കുന്നത് കേരളത്തിന് തിരിച്ചടിയാകും. വിദഗ്ദ്ധസമിതിയെ നിയമിച്ചത് നിര്‍ദിഷ്ട ബഫര്‍സോണ്‍ പ്രദേശങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ്.

2022 ജൂണ്‍ 3ലെ സുപ്രീംകോടതി വിധി പ്രകാരം വന്യജീവി സങ്കേതങ്ങളില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍സോണായി നിലവില്‍ വന്നു. ഇതിനുള്ളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഇളവ് കിട്ടുമെന്നുള്ള പഠനം മാത്രമേ ഇനി ബാക്കിയുള്ളൂ. വലിയ ചതിക്കുഴിയിലാണ് തങ്ങളെന്ന് പ്രദേശവാസികള്‍ക്ക് ഇതുവരെയും ബോധ്യം വന്നിട്ടില്ല. അതിന് സര്‍വ്വേവിശദാംശങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം.

സംസ്ഥാന വനംവകുപ്പ് 115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ എന്നു പറഞ്ഞിരിക്കുമ്പോള്‍ എതാണ്ട് 300ല്‍ പരം വില്ലേജുകള്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാണ്. ഇത് കസ്തൂരിരംഗന്‍ സമിതി നിശ്ചയിച്ച 123 പരിസ്ഥിതിലോല വില്ലേജുകളുടെ മൂന്നിരട്ടിയാണ്. നിലവിലുള്ള ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ട് ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട് പ്രാദേശിക പഠനം നടത്താതെ സംസ്ഥാന സര്‍ക്കാര്‍ ഒരു രേഖയും ഉന്നതസമിതികളില്‍ കൈമാറരുത്. സ്വന്തം ഭൂമി ബഫര്‍സോണിലുണ്ടോയെന്ന് ഉടമസ്ഥന് അറിയുവാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ധിക്കാരമാണ്. വനാതിര്‍ത്തിവിട്ട് കൃഷിഭൂമിയിലേയ്ക്ക് ബഫര്‍സോണ്‍ വ്യാപിപ്പിക്കുവാന്‍ ആരെയും പ്രദേശവാസികള്‍ അനുവദിക്കരുതെന്നും ശക്തമായി സംഘടിച്ച് എതിര്‍ക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117