വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെ പുച്ഛിച്ചും ആക്ഷേപിച്ചുമല്ല മന്ത്രി മറുപടി പറയേണ്ടത് – പ്രതിപക്ഷ നേതാവ്‌

Spread the love

ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതല്ലാതെ എന്ത് വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയത്?

തിരുവനന്തപുരം : ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ഏറ്റവും നല്ല പൊതുവിതരണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ദേശീയ വില സൂചികയേക്കാള്‍ താഴെയാണ് കേരളം. ശക്തമായ പൊതുവിതരണ സംവിധാനം ഏര്‍പ്പെടുത്തി രാജ്യത്തിന് തന്നെ കേരളം മാതൃകയാണ്. പക്ഷെ ഇതെല്ലാം താന്‍ മന്ത്രിയായിതിന് ശേഷം നടപ്പിലാക്കിയതാണെന്ന മട്ടിലാണ് ഭക്ഷ്യ വകുപ്പ് മന്ത്രി പറയുന്നത്. ഓണത്തിനും ക്രിസ്മസിനുമൊന്നും ചന്ത തുടങ്ങിയത് ഈ മന്ത്രി വന്ന ശേഷമല്ല.

പച്ചക്കറിയുടെ വില കൂടിയോയെന്നാണ് മന്ത്രി പ്രതിപക്ഷത്തോട് ചോദിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എമാര്‍ ആരും പച്ചക്കറി വാങ്ങുന്നില്ലേയെന്നും വില കുറഞ്ഞത് അറിഞ്ഞില്ലേയെന്നുമാണ് പരിഹാസം. അരി വില 38-ല്‍ നിന്നും 70 വരെ കൂടിയ ശേഷമാണ് ഇപ്പോള്‍ ചെറുതായൊന്നു കുറഞ്ഞത്. അരി വിലയ്ക്ക് ആനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെ വിലകൂടി വര്‍ധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും അരി വില കുറയ്ക്കാന്‍ ഈ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? ആന്ധ്രയില്‍ നിന്നും അരി കൊണ്ട് വരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നോ? തുവര പരിപ്പ് വില 135 ല്‍ 160 രൂപയും മുളക് 183 ല്‍ നിന്നും 335 രൂപയും മല്ലി 101 ല്‍ നിന്നും 160 രൂപയും ജയ അരി 37 -ല്‍ നിന്നും 58 രൂപയും ആയെന്ന് ഇന്നലെ നിയമസഭ ചോദ്യത്തിന് മറുപടി നല്‍കിയ മന്ത്രിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഇല്ലെന്ന് ഇന്ന് പറയുന്നത്.

വിലക്കയറ്റം ഇല്ലെന്ന് മന്ത്രി പറയുമ്പോഴും രണ്ടു മാസത്തിനിടെ മട്ട അരി വില 34 ല്‍ നിന്നും 60 രൂപയും മല്ലി വില 90 ല്‍ നിന്നും 145 രൂപയുമായി. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇന്നലെ വൈകിട്ടത്തെ വില നിലവാരം അനുസരിച്ച് കത്തിരി വില 25 ല്‍ നിന്നും 50 രൂപയും കാരറ്റ് 30 ല്‍ നിന്ന് 80 രൂപയും വെളുത്തുള്ളി 35 ല്‍ നിന്ന് നൂറും ബീന്‍സ് 35 ല്‍ നിന്ന് 80 രൂപയും കോളിഫ്‌ളവര്‍ 35 ല്‍ നിന്നും 75 രൂപയുമായി വര്‍ധിച്ചു. എന്നിട്ടാണ് പച്ചക്കറി വില കൂടിയിട്ടില്ലെന്ന് മന്ത്രി പറയുന്നത്. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയതിനെ തുടര്‍ന്ന് ജനങ്ങള്‍ വല്ലാതെ പൊറുതി മുട്ടിയിരിക്കുകയാണ്. പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി. പാവങ്ങളുടെ കുടുംബ ബജറ്റിലുണ്ടായിരിക്കുന്ന ഈ മാറ്റം നിയമസഭയിലല്ലാതെ മറ്റെവിടെ പോയി പറയണമെന്നാണ് മന്ത്രി പറയുന്നത്? മന്ത്രിമാര്‍ മറുപടി പറയുമ്പോള്‍ കാട്ടേണ്ട ചില മിതത്വമുണ്ട്. ആദ്യമായി മന്ത്രി ആയതിന്റെ കുഴപ്പമാണെന്ന് പറയുന്നില്ല. ആദ്യമായി മന്ത്രിമാരായി വന്നവര്‍ തിളങ്ങിയ ചരിത്രം ഈ നിയമസഭയ്ക്കുണ്ട്. പ്രതിപക്ഷത്തെ പുച്ഛിച്ചും അവഹേളിച്ചും ആക്ഷേപിച്ചുമല്ല അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കേണ്ടത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയെന്ന് പറഞ്ഞ് നിങ്ങളെ ആരെയും പാവങ്ങള്‍ വിളിക്കാറില്ലേ? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അവര്‍ തെരഞ്ഞെടുത്തൊരു സര്‍ക്കാരിന്റെ സാന്നിധ്യമാണ്. അങ്ങനെയൊരു സര്‍ക്കാരിന്റെ സാന്നിധ്യം ഈ വിലക്കയറ്റ കാലത്തുണ്ടായോ?

13 നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി വിതരണം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അത് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നതാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും സബ്‌സിഡി നല്‍കാറുണ്ട്. സംസ്ഥാനത്തെ 92.88 ലക്ഷം കാര്‍ഡുടമകളില്‍ പത്ത് ശതമാനം പേര്‍ക്ക് പോലും സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ ലഭിക്കുന്നില്ല. വലിയ തോതിലുള്ള വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പതിവ് രീതികള്‍ വിട്ട് ഓണക്കാലത്തുള്‍പ്പെടെ ചന്തകള്‍ തുടങ്ങുന്നത്. ഇതിലൂടെ വിപണി വില പിടിച്ച് നിര്‍ത്താനാകും. 80 ശതമാനം വരെ വിലക്കയറ്റമുണ്ടാകുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന വിലയല്ല വിപണിയിലുള്ളത്. വിലക്കയറ്റത്തിന്റെ പത്തിലൊന്ന് വില പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ താലൂക്ക് ജില്ലാ തലങ്ങളില്‍ നടത്തിയിരുന്ന പരിശോധനകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. എല്ലാ ദിവസത്തെയും വിലവിവര പട്ടിക മുഖ്യമന്ത്രി പരിശോധിക്കണം. രണ്ടു മാസം കൊണ്ട് ഉണ്ടായിരിക്കുന്ന വ്യത്യാസം എന്താണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനപ്പുറം എന്ത് വിപണി ഇടപെടലാണ് നടത്തിയത്?

നെല്ല് സംഭരണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഓഗസ്റ്റില്‍ മില്ലുകളുമായി കരാറുണ്ടാക്കുന്നതിന് പകരം ഒക്ടോബറിലാണ് കരാറുണ്ടാക്കിയത്. ഇതിനിടെ കൊയ്തു കൂട്ടിയ നെല്ല് മുഴുവന്‍ മഴയില്‍ നശിച്ച് കര്‍ഷകരുടെ അധ്വാനം വെറുതെയായി. 20 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കയറ്റമുണ്ടായപ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്. എല്ലാ സാധനങ്ങളുടെയും വില വര്‍ധിച്ചിട്ടും വിലക്കയറ്റം ഉണ്ടായില്ലെന്ന് നിയമസഭയില്‍ വന്ന് പറയാന്‍ ഈ മന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളുമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അതിനെ അവഹേളിക്കുന്ന മറുപടിയും നടപടി സ്വീകരിക്കുന്നില്ലെന്ന നിലപാടുമാണ് മന്ത്രി സ്വീകരിച്ചത്.

 

Author