ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ആന്റോ കവലയ്ക്കല്‍

Spread the love

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 39-ാമത് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ 10-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാര്‍തോമ്മ ശ്ലീഹാ സീറോ മലബാര്‍ കാതലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക രൂപതയുടെ നവ അദ്ധ്യക്ഷന്‍ അഭി.മാര്‍ ജോയി ആലപ്പാട്ട് പിതാവ് ക്രിസ്തുമസ് സന്ദേശം നല്‍കും. എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും, വൈദികരും, ബിഷപ്പും ഘോഷയാത്രയായി വരുമ്പോള്‍, എക്യൂമെനിക്കല്‍ ഗായകസംഘം O’ Come all Ye Faithful’ ഗാനം ആലപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് എക്യൂ.വൈസ് പ്രസിഡന്റ് റവ.ഫാ. എബി ചാക്കോ നേതൃത്വം നല്‍കും.

തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ എക്യൂ.കൗണ്‍സില്‍ പ്രസിഡന്റ് റവ.മോണ്‍. തോമസ് മുളവനാല്‍ അദ്ധ്യക്ഷം വഹിക്കും. അഭി.മാര്‍ ജോയി ആലപ്പാട്ട് പിതാവ് നിലവിളക്ക് തെളിയിച്ച് സമ്മേളനം ഉത്ഘാടനം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്യും. മാര്‍ ജോയി ആലപ്പാടിന്റെ സ്ഥാനലബ്ദിയില്‍, റവ.മോണ്‍, തോമസ് മുളവനാല്‍ എക്യൂ. കൗണ്‍സിലിന്റെ ആശംസകള്‍ നേരുകയും, ആശംസാ ഫലകം നന്ദി ആദരിക്കുകയും ചെയ്യും. ക്രിസ്തുമസ് പ്രോഗ്രാമിന് സാമ്പത്തിക സഹായം നല്‍കിയ സ്‌പോണ്‍സേഴ്‌സിനെ പ്രശംസാ ഫലകം നല്‍കി ആദരിക്കും. ഹോം ഫോര്‍ ഹോംലെസ്’ പദധതിയിലൂടെ ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങും നിര്‍വഹിക്കും.

എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികളും തദവസരത്തില്‍ വിതരണം ചെയ്യും. എക്യൂ.കൗണ്‍സിലിലെ അംഗങ്ങളായ 15 ദേവാലയങ്ങളില്‍ നിന്നുമുള്ള മനോഹരങ്ങളായ ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍ എന്നിവകളും അവതരിപ്പിക്കപ്പെടും.

35 അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്യൂമെനിക്കല്‍ കരോള്‍ ഗായകസംഘത്തിന് ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ റവ.അജിത് കെ. തോമസാണ് നേതൃത്വം നല്‍കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി റവ.ഫാ.ഹാം ജോസഫ്(ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍(ജന.കണ്‍വീനര്‍), ബെഞ്ചമിന്‍ തോമസ്(പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) കൂടാതെ 40 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്രിസ്തുമസ് കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു. മാര്‍ത്തോമാ, സി.എസ്.ഐ. യാക്കോബായ, ഓര്‍ത്തഡോക്‌സ്, കത്തോലിക്ക സഭകളുടെ കൂട്ടായ്മയാണ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ റവ.മോണ്‍.തോമസ് മുളവനാല്‍(പ്രസിഡന്റ്), റവ.ഫാ.എബിചാക്കോ(വൈസ് പ്രസിഡന്റ്), ഏലിയാമ്മ പുന്നൂസ്(സെക്രട്ടറി), പ്രവീണ്‍ തോമസ്്(ട്രഷറര്‍), സാം തോമസ് (ജോ.സെക്രട്ടറി), ബിജോയി സഖറിയാ(ജോ.ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ചിക്കാഗോ എക്യൂ.കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്.

അഭി.മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, അഭി മാര്‍ ജോയി ആലപ്പാട്ട് പിതാവും, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളാണ്.

ഏവരെയും ക്രിസ്തുമസ് ആഘോഷ പരിപാടികളിലേക്ക് കുടുംബസമേതം എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു.

ജോയിച്ചൻപുതുക്കുളം

Author