പഠനമുറി: 5, 6 ക്ലാസുകളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം

Spread the love

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പഠനമുറി പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് ഉത്തരവായി. ഇനി മുതൽ 5, 6 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെയാണ് നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. വകുപ്പ് മുഖേന നൽകുന്ന പഠനമുറികൾക്ക് 120 ചതുരശ്രീ അടി വിസ്തീർണ്ണം ഉണ്ടായിരിക്കണം എന്നാണ് ചട്ടം. എന്നാൽ വീടുകളിൽ സ്ഥല പരിമിതിയുള്ള സാഹചര്യങ്ങളിൽ 100 ചതുരശ്ര അടി വിസ്തീർണത്തിൽ പഠനമുറി നിർമിക്കാൻ അനുവദിക്കും.

15 വർഷം വരെ കാലപ്പഴക്കം ഉള്ള വീടുകൾക്ക് ആവശ്യമായ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല പട്ടികജാതി വികസന വകുപ്പിലെ അക്രെഡിറ്റഡ് എൻജിനീയർമാർക്ക് നൽകി. 15 വർഷത്തിന് മുകളിൽ കാലപ്പഴക്കം ഉള്ള വീടുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് അസി.എൻജിനീയറുടെ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പഠനമുറി പദ്ധതിയിലേക്കുള്ള വിദ്യാർഥികളുടെ അപേക്ഷകൾ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം രക്ഷകർത്താക്കൾക്ക് പട്ടികജാതി വികസന ഓഫീസർക്ക് നേരിട്ട് നൽകാം. ഇതിനായി വിദ്യാർഥി ഓഫീസിലേക്ക് വരേണ്ടതില്ല.

ലഭ്യമാകുന്ന അപേക്ഷകളിൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, വീടിന്റെ വിസ്തീർണ്ണം കുറവുളള കുടുംബം, ഒന്നിലധികം പെൺകുട്ടികൾ ഉള്ള കുടുംബം, വിധവകൾ കുടുംബനാഥരായ കുടുംബങ്ങൾ, കിടപ്പുരോഗികൾ/ മാരകരോഗികൾ ഉള്ള കുടുംബങ്ങൾ, ഒന്നിലധികം വിദ്യാർത്ഥികൾ ഉള്ള കുടുംബം എന്നിങ്ങനെ മുൻഗണന മാനദണ്ഡം പുതുക്കി നിശ്ചിയിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമാകുന്ന പട്ടികജാതി വിഭാഗം കുടുംബങ്ങൾക്കു പഠനമുറി നിർമ്മിക്കുന്നതിനായി രണ്ട് ലക്ഷം രൂപ ലഭിക്കും.