സംരംഭകത്വ സഹായ പദ്ധതി: ജില്ലയിൽ വിതരണം ചെയ്തത് 5.23 കോടി രൂപ

Spread the love

വ്യവസായ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയിലൂടെ (E.S.S) 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ വിതരണം ചെയ്തത് 5.23 കോടി രൂപ. 89 സംരംഭങ്ങൾക്കാണ് സബ്‌സിഡി വിതരണം ചെയ്തത്. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അത് നടത്തിക്കൊണ്ടിരിക്കുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ നിർമ്മാണ യൂണിറ്റുകൾക്കാണ് ഇത് നൽകുന്നത്.
ഭൂമി, കെട്ടിടം, മെഷിനറികൾ, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ തുടങ്ങിയ ഇനങ്ങളിൽ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യം നൽകുന്നത്.
ചെറുകിട സംരംഭങ്ങൾക്കായുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതിയിലൂടെ 29 സംരംഭകർക്കായി 73.22 ലക്ഷം രൂപ മാർജിൻ മണിയായി ഗ്രാന്റ് ആയി വിതരണം ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജെനറേഷൻ പ്രോഗ്രാം (PMEGP) പദ്ധതിയിലൂടെ 431 അപേക്ഷകൾ ബാങ്കിലേക്ക് അയക്കുകയും, 241 അപേക്ഷകളിൽ 470.38 ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും, 194 ഗുണഭോക്താക്കൾക്ക് 377.45 ലക്ഷം രൂപ മാർജിൻ മണി ഇനത്തിൽ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി (PMFME) യിലൂടെ ബാങ്കിലേക്ക് അയച്ച 39 അപേക്ഷകകളിൽ, 13 പേർക്ക് 118.21 ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും, 6 ഗുണഭോക്താക്കൾക്ക് 34.10 ലക്ഷം രൂപ സബ്‌സിഡിയായി അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. 2019 ലെ കേരള സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്‌ട് പ്രകാരം സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ജില്ലയിൽ കെ സ്വിഫ്റ്റ് സംവിധാനം മുഖേന 3522 പേർ എം.എസ്എം.ഇ അക്‌നോളഡ്ജ്മെൻറ് കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ 1479 സംരംഭങ്ങൾ ആരംഭിക്കുകയും 155.89. കോടി രൂപയുടെ മൂലധന നിക്ഷേപവും, 4126 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഏകജാലക സംവിധാനം വഴി 221 വ്യവസായ സംരംഭങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലൈസൻസുകൾ/ക്ലിയറൻസുകൾ ലഭിച്ചിട്ടുണ്ട്.