പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള: 11 കമ്പനികള്‍, 120 പേരെ തെരഞ്ഞെടുത്തു

പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള. തൃശൂര്‍ ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന മേളയില്‍ പങ്കെടുത്ത 188 പേരില്‍ നിന്ന് 120 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളുമായി 11 കമ്പനികളിലായി 147 ഒഴിവുകളുണ്ടായിരുന്നു. 660-ല്‍ പരം സെക്ടറുകളിലായി അപ്രന്റിസ് പരിശീലനം നേടുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുത്തവര്‍ക്ക് ലഭിക്കുക.
പഠനത്തോടൊപ്പം തന്നെ നൈപുണ്യം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്. പ്രവൃത്തിപരിചയം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഇത്തരം മേളകളിലൂടെ ഉദ്ദേശിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പും ചേര്‍ന്നാണ് മൂന്ന് മാസം കൂടുമ്പോള്‍ മേള നടത്തുന്നത്. എന്‍ജിനീയറിംഗ്/നോണ്‍ എന്‍ജിനീയറിംഗ് ട്രേഡുകളില്‍ ഐടിഐ യോഗ്യത നേടിയവരാണ് മേളയില്‍ പങ്കെടുത്തത്. എസ്എസ്എല്‍സി പാസായവര്‍ക്ക് ഓഫ്‌സെറ്റ് മെഷീന്‍ മൈന്‍ഡര്‍ എന്ന കോഴ്സില്‍ (2 വര്‍ഷം) ചേരാന്‍ അവസരം ഇതിലൂടെ ലഭിക്കുന്നു.
ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മേള ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെഎസ് കൃപകുമാര്‍ ഉദ്ഘാടനം ചെയ്തു.

Leave Comment