ന്യൂ യോർക്ക് : ഫൊക്കാനയുടെ ചരിത്രമാകാൻ പോകുന്ന 2023 കേരളാ കൺവെൻഷന്റെ ചെയർമാൻ ആയി ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും തല മുതിർന്ന നേതാവുമായ ഡോ. മാമ്മന്‍ സി. ജേക്കബിനെ തെരഞ്ഞടുത്തതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്ത് ഹോട്ടലിൽ ആണ് തിരുമാനിച്ചിരിക്കുന്നത്. യുസഫ് അലിയുടെ ഉടമസ്ഥതിൽ അടുത്തയിടക്ക് തുറന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് ഹയത്ത്. തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ ആൾക്കാരെ ഉൾകൊള്ളാൻ കഴിയുന്ന ഹോട്ടൽ കൂടിയാണിത് .
ഫൊക്കാനയുടെ ആരംഭകാലംമുതലുള്ള പ്രവർത്തകനും എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്റ് തോമസ് ഹൈസ്കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് നേതൃതലത്തിലുള്ള അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.
വ്യക്തി ജീവിതത്തിൽ ദൈവിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഡോ. മാമ്മൻ സി. ജേക്കബ് ഒരു കടുത്ത ഈശ്വര വിശ്വാസിയും മനുഷ്യസ്നേഹിയുമാണ്. ദൈവശാത്രത്തിൽ മികച്ച പാണ്ഡിത്യം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം സ്റ്റുഡന്റ് കൗൺസലിംഗ് നടത്തിയിട്ടുണ്ട്. തന്നെ വെറുക്കുന്നവരോട് പോലും ക്ഷമിക്കുവാനാണ് തന്റെ വിശ്വാസജീവിതത്തിലൂടെ അദ്ദേഹം എന്നും നിലകൊണ്ടിട്ടുള്ളത്.
ഫൊക്കാന കേരളാ കൺവെൻഷൻ കുറ്റമറ്റതാക്കുവാനും ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമാക്കുവാനും ഡോ. മാമ്മൻ സി. ജേക്കബിന് കഴിയുമെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നതായി എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്ജറ് ജോർജ് എന്നിവരും അറിയിച്ചു.