ബഫര്‍ സോണ്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും

പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉള്‍പ്പെടുത്തേണ്ട അധികവിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അവ നല്‍കാം. വനം വകുപ്പിന് നേരിട്ടും നല്‍കാവുന്നതാണ്. അധിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സമയം ജനുവരി 7 വരെ ദീര്‍ഘിപ്പിക്കും.

ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും. സുപ്രീം കോടതിയില്‍ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം നാളെ ചേരും. ഫീല്‍ഡ് വെരിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങൾ ഈ യോഗത്തില്‍ തീരുമാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, അഡ്വ. ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീരന്‍, ബിശ്വനാഥ് സിന്‍ഹ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment