ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്‌കൂളിന്റെ ജീസസ് ബര്‍ത്ത്‌ഡേ ആഘോഷം അവിസ്മരണീയം – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. നേറ്റിവിറ്റി ഷോ, കരോള്‍ഗാനമല്‍സരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബര്‍ത്ത്‌ഡേ കേക്ക് പങ്കുവയ്ക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍.

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാക്ലാസുകളും ഒന്നിച്ചുകൂടി ക്രിസ്മസ് ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ സാധിച്ചു.

മതാദ്ധ്യാപികയും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജയിന്‍ സന്തോഷ് എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍ കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു.

പ്രസവസമയമടുത്ത മേരി കുട്ടിക്ക് ജന്മം നല്‍കുന്നതിനായി ജോസഫിനൊപ്പം സത്രങ്ങളില്‍ മുട്ടുന്നതും, എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന് ജന്മം നല്‍കുന്നതും, തത്സമയം വിണ്ണിലെ മാലാഖമാര്‍ മന്നിലിറങ്ങി ആനന്ദനൃത്തമാടുന്നതും, ആട്ടിടയന്മാര്‍ പിള്ളക്കച്ചയില്‍ പൊതിഞ്ഞു കിടത്തിയിരുന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും, ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂക്കുരാജാക്കന്മാര്‍ വന്ന് പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികള്‍ അവതരിപ്പിച്ചു.

ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ കരോള്‍ഗാനമല്‍സരത്തില്‍ ബ്ലൂ ടീം സമ്മാനം നേടി. സമ്മാനാര്‍ഹമായ ടീമിനുള്ള പാരിതോഷികം സാന്താക്ലോസ് നല്‍കി. ഇടവകയിലെ മലയാളംഇംഗ്ലീഷ് ഗായകസംഘം ലീഡര്‍മാരായ ഷൈന്‍ തോമസ്, കാരളിന്‍ ജോര്‍ജ്, സുനില്‍ തോമസ് എന്നിവര്‍ മല്‍സരത്തിന്റെ വിധികര്‍ത്താക്കളായി. ജീസസ് ബര്‍ത്ത്‌ഡേ ആഘോഷങ്ങളുടെ ഭാഗമായി പാരീഷ് ഹാളും, സ്റ്റേജും, മതാധ്യാപകരും, പി. ടി. എ വോളന്റിയര്‍മാരുംകൂടി Picture2

കമനീയമായി അലങ്കരിച്ചിരുന്നു. പുല്‍ക്കൂടും, ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ക്രിസ്മസ് സന്ദേശം നല്‍കി.
പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള 250 ല്‍ പരം മതബോധനസ്‌കൂള്‍ കുട്ടികളും, മതാധ്യാപകരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജയിന്‍ സന്തോഷ് കോറിയോഗ്രഫി ചെയ്ത് രംഗത്തവതരിപ്പിച്ച ക്രിസ്മസ് ഷോ എല്ലാവരും ആസ്വദിച്ചു. മേരിയുടെയും, ജോസഫിന്റെയും റോള്‍ ഭംഗിയായി അഭിനയിച്ച ജോമോന്‍ Picture

ജോണ്‍/സിമ്‌നി ദമ്പതികള്‍ക്ക് നല്ല അഭിനയത്തിന് തിരുകുടൂംബത്തിന്റെ രൂപം പാരിതോഷികമായി നല്‍കി ആദരിച്ചു. മതാധ്യാപികകൂടിയായ ക്രിസ്റ്റീന്‍ ജോസഫ് സാന്താക്ലോസായി വേഷമിട്ടു. ജാസ്മിന്‍ ചാക്കോ, മഞ്ജു ചാക്കോ, ഷീബാ സോണി, ജിറ്റി തോമസ്, സി.സി.ഡി പൂര്‍വവിദ്യാര്‍ത്ഥികളായ ഇവാ സന്തോഷ്, നിക്കോള്‍ മാത്യു, അബിഗെയില്‍ ചാക്കോ, ജറി കുരുവിള എന്നിവര്‍ സ്റ്റേജ് മാനേജ് ചെയ്തു. എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ച നിയന്ത്രണവും, ബിനു പൊരിയാത്ത് ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു. ജോസ് മാളേയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ ക്രെഡിറ്റ്: ബിനു പൊരിയാത്ത്

Leave Comment