ചിലവ് കുറഞ്ഞ മത്സ്യ കൃഷിരീതികള്‍ പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്

Spread the love

ഏറെ ചിലവും അധ്വാനവും ആവശ്യം വരുന്ന മേഖലയാണ് മത്സ്യ കൃഷി. എന്നാല്‍ ചിലവും അധ്വാനവും കുറഞ്ഞ കൃഷി രീതി പരിചയപ്പെടുത്തുന്നതാണ് കയ്യൂര്‍ ഫെസ്റ്റിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. ആര്‍.എ.എസ് ബയോഫ്ളോക്ക് മത്സ്യ കൃഷിരീതികളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെള്ളം മാറ്റാതെയുള്ള കൃഷി രീതിയാണ് ഇവ.മത്സ്യ ടാങ്കുകളില്‍ വെള്ളം വൃത്തിഹീനമാകുന്നതിന് പ്രധാന കാരണമാകുന്ന ഭക്ഷണാവശിഷ്ടങ്ങളും അമോണിയയും ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്ത് ശുചീകരിക്കുന്ന രീതിയാണ് ആര്‍.എ.എസ്. ടാങ്കില്‍ പ്രത്യേക തരം ബാക്ടീരിയയെ കടത്തി വിട്ട് വെള്ളം ശുചീകരിക്കുന്ന രീതിയാണ് ബയോഫ്ളോക്ക്. ഈ ബാക്ടീരിയകള്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൂടി ആകുന്നതോടെ ഭക്ഷണത്തിന്റെ ചിലവിലും കുറവ് വരുന്നു.
സ്റ്റാളിന്റെ മറ്റൊരു ആകര്‍ഷണമാണ് കല്ലുമ്മക്കായ റാക്ക് കള്‍ചര്‍ കൃഷി രീതി. കേരളത്തില്‍ ഏറ്റവും അധികം കല്ലുമ്മക്കായ കൃഷി ചെയ്യുന്ന ജില്ല കൂടിയായ കാസര്‍കോട്ടെ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ കൃഷി രീതിയാണിത്. ജില്ലയിലെ വലിയ പറമ്പ് മേഖലയില്‍ നിലവില്‍ ഈ രീതിയില്‍ കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്.ചെറിയ മുതല്‍ മുടക്കില്‍ വലിയ ലാഭം നേടാന്‍ സഹായിക്കുന്ന ഈ കൃഷി രീതിയുടെ പ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഒപ്പം ഇവയ്ക്ക് ഫിഷറീസ് വകുപ്പ് നല്കുന്ന സബ്സിഡികളും പരിചയപ്പെടുത്തുന്നു. നിര്‍മാണ ചിലവിന്റെ 40 ശതമാനം സബ്സിഡിയായി നല്‍കുന്നു. എസ്.സി, എസ്.ടി വനിതാ അപേക്ഷകര്‍ക്ക് 60 ശതമാനം വരെ സബ്സിഡിയും നല്‍കുന്നു. ഇത്തരത്തില്‍ ഏറെ പ്രയോജനകരമാകുന്ന പ്രദര്‍ശനത്തോടെ ശ്രദ്ധേയമായി മാറുകയാണ് ഫിഷറീസ് സ്റ്റാള്‍.

Author