ദേശീയ ചാമ്പ്യന്‍ഷിപ്പിന് കൊട്ടാരക്കര വേദിയായത് അഭിമാനം:മന്ത്രി ജെ. ചിഞ്ചുറാണി

ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കൊട്ടാരക്കര വേദിയായത് അഭിമാനകരമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഛത്തീസ്ഗഡ്-കേരള ടീമുകളിലെ മത്സരാര്‍ഥികളെ അഭിവാദ്യം ചെയ്ത് കൊട്ടാരക്കര സര്‍ക്കാര്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിന മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കര നഗരസഭ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ വേദിയാണ് 68-മത് ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എത്തിയിട്ടുള്ള 72 ടീമുകള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും ലഭ്യമാക്കിയിട്ടുള്ളത് അഭിനന്ദനര്‍ഹമാണ്. വരുംകാലങ്ങളിലും ഇത്തരം ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് നമ്മുടെ നാട് വേദിയാകട്ടെയെന്നും മന്ത്രി പറഞ്ഞു.കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണും ബി.ബി.എഫ്.ഐ വൈസ് പ്രസിഡന്റ് കൂടിയായ അനിതാ ഗോപകുമാര്‍ മന്ത്രി ജെ. ചിഞ്ചുറാണിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ബോള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment