സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ ഉല്പാദിപ്പിക്കുന്ന വിവിധ ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, കാസ്റ്റിംഗുകള്‍, ഫോര്‍ജിങ്ങുകള്‍ എന്നിവ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് പുതിയ വാണിജ്യ സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യമാണ് ബിസിനസ് മീറ്റിനുണ്ടായിരുന്നത്. ബിസിനസ് സംഗമത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങളെയും സേവനങ്ങളയും കുറിച്ച് വിശദീകരിച്ചു.സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പ്രദര്‍ശന സ്റ്റാളുകളും സംഗമ വേദിയില്‍ ഒരുക്കിയിരുന്നു.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളിലും നല്കുന്ന സേവനത്തിലും വൈവിധ്യവത്കരണം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളും ബിസിനസ് അലയന്‍സ് മീറ്റില്‍ നടന്നു.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന് ഷിപ്പ് യാര്‍ഡ്, സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ്, സതേണ്‍ റയില്‍വേ, ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ്, വി.എസ്.സി, ഹെവി- വെഹിക്കിള്‍സ് ബ്രഹ്മോസ് ഏറോ സ്പേസ്, ബി.എച്ച്.ഇ.എല്‍, ബി.ഇ.എം.എല്‍, മെഷീന് ടൂള്‍ പ്രോട്ടോടൈപ്പ് ഫാക്ടറി, മിശ്ര നിഗം ലിമിറ്റഡ്, മസാഗന്‍ ഡോക്ക്, ബാര്‍ക്ക്, ബി.പി.സി.എല്‍, ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയവയും സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള ഓട്ടോമൊബൈല്‍സ്, ഓട്ടോകാസ്റ്റ് കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കെല് ഇലട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ്, ട്രാക്കോ കേബിള്‍ കമ്പനി, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, ടെല്‍ക്ക്, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ ഇലക്ട്രോസെറാമിക്സ്, കെല്‍ട്രോണ്‍ കോമ്പോണന്റ് കോംപ്ലക്സ് എന്നീ സ്ഥാപനങ്ങളും സംഗമത്തില്‍ പങ്കെടുത്തു.