5066 താറാവുകളെ ദയാവധം ചെയ്തു
ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സ്വകാര്യ വ്യക്തി വളർത്തിയിരുന്ന താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച് 5എൻ 1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകർമസേന ദയാവധം ചെയ്തു സംസ്‌ക്കരിച്ചു. 65 ദിവസം പ്രായമായ താറാവുകളെയാണ് ദയാവധം നടത്തിയത്. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും ദയാവധം നടത്തുന്ന നടപടികളും അണുനശീകരണവും ഇന്നും (വെള്ളിയാഴ്ച ഡിസംബർ 30) തുടരും. കല്ലറ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സന്തോഷിന്റെ സഹായത്തോടെ ചേന്നാട് വെറ്ററിനറി സർജൻ ഡോ. റിയാസ് നേതൃത്വം നൽകുന്ന ദ്രുതകർമസേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരിയും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാറും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ഈമാസം ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പക്ഷികളെ ദയാവധം ചെയ്തിരുന്നു.