കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കാനഡ മാക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ഓഫ് മെഡിസിൻസ് പ്രൊഫ. സലിം യൂസഫിനാണ് ഇത്തവണത്തെ കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ് വിഭാഗത്തിൽ ഡോ. എം. ലീലാവതി, സയൻസ് വിഭാഗത്തിൽ ഡോ. എ. അജയ്ഘോഷ്, സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രൊഫ. എം.എ. ഉമ്മൻ എന്നിവർ കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിനും അർഹരായി.

വിവിധ ശാസ്ത്ര ശാഖകൾ, സാമൂഹ്യശാസ്ത്ര ശാഖകൾ, ആർട്സ് ആൻഡ് ഹ്യൂമാനിറ്റിസ് എന്നിവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞർക്കാണു അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകുന്നത്. വിവിധ ശാസ്ത്രശാഖകൾ, സാമൂഹ്യ ശാസ്ത്ര ശാഖകൾ, ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ് എന്നിവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ പ്രമുഖർക്കാണു രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു കേരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡെന്നും പുരസ്‌കാര പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഡോ. സിജിലാ റോസിലി സി.വി.(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല – കെമിക്കൽ സയൻസ്), ഡോ. മയൂരി പി.വി.(ശ്രീചിത്തിരതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം – ബയോളജിക്കൽ സയൻസ്), ഡോ. സ്വപ്ന എം.എസ്.(കേരള സർവകലാശാല – ഫിസിക്കൽ സയൻസ്), ഡോ. മഞ്ജു കെ. (കാലിക്കറ്റ് സർവകലാശാല – ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ്) എന്നിവർക്കു കൈരളി ഗവേഷക പുരസ്‌കാരം നൽകും. ഇന്റർ ഡിസിപ്ലിനറി മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനുള്ള പുരസ്‌കാരമാണിത്. 25,000 രൂപയും പ്രശസ്തിപത്രവും രണ്ടു വർഷത്തേക്കു റിസേർച്ച് ഗ്രാന്റായി നാലു ലക്ഷം രൂപ വീതവും ഗ്രാന്റായി 75,000 രൂപ വീതവും ലഭിക്കും.

ഡോ. റീനാമോൾ ജി.(മാർതോമ കോളജ് തിരുവല്ല – കെമിക്കൽ സയൻസ്), ഡോ. രാധാകൃഷ്ണൻ ഇ.കെ.(മഹാത്മഗാന്ധി സർവകലാശാല – ബയോളജിക്കൽ സയൻസ്), ഡോ. അലക്സ് പി. ജയിംസ്(കേരള യൂണിവേഴ്സിറ്റി ഡിജിറ്റൽ സയൻസ് – ഫിസിക്കൽ സയൻസ്). ഡോ. അൻവർ സാദത്ത് (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള – സോഷ്യൽ സയൻസ്), ഡോ. ഷംഷാദ് ഹുസൈൻ ടി.കെ. (ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല – ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ്) എന്നിവർക്കു ഗവേഷകരായ അധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്‌കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും രണ്ടു വർഷത്തേക്ക് 24 ലക്ഷം രൂപ വരെ റിസേർച്ച് ഗ്രാന്റുമടങ്ങുന്നതാണു പുരസ്‌കാരം.

ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗത്ഭർക്കു രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരങ്ങളാണ് ഇവയെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ പി. ബലറാം, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചാൻസലർ ഡോ. പ്രഭാത് പട്നായിക്, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ കെമിസ്ട്രി പ്രൊഫസർ ഡോ. ഇ.ഡി. ജെമ്മീസ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കവി പ്രൊഫ. കെ. സച്ചിദാനന്ദൻ എന്നിവരുൾപ്പെട്ട സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

 

Author