മൃഗസംരക്ഷണ മേഖലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകളും കോൾ സെന്ററും ആരംഭിച്ച കേരളത്തെ അഭിനന്ദിക്കുന്നതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല. കാര്യവട്ടം ട്രിവാൻഡ്രം കൺവെൻഷൻ സെന്ററിൽ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മൃഗസംരക്ഷണ മേഖലയിൽ കേന്ദ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ കേരളം മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. മനുഷ്യർക്ക് 108 ആംബുലൻസ് പോലെ 1962 എന്ന നമ്പർ മൃഗങ്ങളുടെ ആംബുലൻസ് സർവീസ് ആണെന്ന് ഓർമിക്കണം. കൃത്രിമ ബീജസങ്കലനമുൾപ്പെടെയുള്ള സംവിധാനങ്ങൾക്കു പദ്ധതി സഹായകമാകും. മൃഗസംരക്ഷണ മേഖലയിലെ ഗവേഷണങ്ങളിലും സാങ്കേതിക വിദ്യകളിലും യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. മൃഗസംരക്ഷണ മേഖലയിൽ ക്ഷീര, പൗൾട്രി കർഷകർക്കു ധനസഹായത്തിനു കേന്ദ വിഹിതം പരിഗണിക്കണമെന്ന മന്ത്രി ചിഞ്ചുറാണിയുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ മൊബൈൽ വെറ്ററിനറി ആംബുലൻസ് സൗകര്യം വ്യാപകമാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കും. കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് വാതിൽപ്പടി സേവനം ലഭ്യമാക്കുന്ന സംവിധാനമാകും ഇത്. കർഷകർക്കും പൊതുജനങ്ങൾക്കും 1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറും, പാരാമെഡിക്കൽ സ്റ്റാഫും ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റുമടങ്ങുന്ന സംഘമുൾപ്പെടുന്ന ആംബുലൻസ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കോൾസെന്ററുകളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജി. വിനു സ്വാഗതം ആശംസിച്ചു. ബിനോയ് വിശ്വം എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ. കൗശിഗൻ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ സുരേന്ദ പാൽ, പ്ലാനിംഗ് ബോർഡ് അഗ്രികൾച്ചർ ഡിവിഷൻ ചീഫ് എസ്.എസ്. നാഗേഷ്, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ. സിന്ധു, ജിജു മോൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.