ആര്‍ദ്ര വിദ്യാലയം; ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ തുടങ്ങി

Spread the love

നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടത്തുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വിവിധ മിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കിരണം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു.

ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ കുട്ടികളില്‍ എത്തിക്കുക അതിനനുസൃതമായി ജീവിതശൈലി മാറ്റിയെടുക്കുകയുമാണ് ആര്‍ദ്ര വിദ്യാലയം ഹെല്‍ത്തി ലൈഫ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമ മുറകള്‍, പുകയില ഉത്പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വ ശീലങ്ങളും മാലിന്യ നിര്‍മ്മാര്‍ജനവും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്തുക, ആരോഗ്യ ബോധവല്‍ക്കരണം നല്‍കുക എന്നിവ വഴി ശാരീരികവും മാനസികവുമായ നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുന്നു.

ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന ക്യാമ്പും ജീവിത ശൈലീ രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗും നടന്നു. പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ ഉയരം, തൂക്കം, ബി.എം.ഐ, ബി.പി, ജി.ആര്‍.ബി.എസ്, എച്ച്.ബി എന്നിവ പരിശോധിച്ചു. പരിശോധനാ വിവരങ്ങള്‍ ശലഭം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും. പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും.

Author