ഇല്ലിനോയ്: സെമി ഓ്‌ട്ടോമാറ്റിക് തോക്കുകള്‍ വില്‍ക്കുന്നതും, കൈവശം വക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചിക്കാഗോ ഗവര്‍ണ്ണര്‍ പ്രിറ്റ്‌സ്‌ക്കര്‍ ജനുവരി 10 ചൊവ്വാഴ്ച വൈകീട്ട് ഒപ്പുവെച്ചു.
ഇത്തരത്തിലുള്ള നിയമം പാസ്സാക്കുന്ന അമേരിക്കയിലെ ഒമ്പതാമത്തെ സംസ്ഥാനമെന്ന പദവിയും ഇല്ലിനോയ്‌സിന് ലഭിച്ചു. അതേ സമയം മാരകമായ ആയുധങ്ങള്‍ നിരോധിക്കുന്ന ആദ്യ സംസ്ഥാനവുമായി ഇല്ലിനോയ്.
ഇല്ലിനോയ് ഇരുസഭകളും പുതിയ നിയമനിര്‍മ്മാണം പാസ്സാക്കി മണിക്കൂറുകള്‍ക്കകം ഗവര്‍ണ്ണര്‍ ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. 41നെതിരെ 68 വോട്ടുകളോടെയാണ് നിയമം പാസ്സായത്.
ഇത്തരത്തിലുള്ള ഒരു നിയമം പാസ്സാക്കണമെന്ന് ഇല്ലിനോയ് സംസ്ഥാനത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഉത്തരവില്‍ ഒപ്പുവെച്ചശേഷം ഗവര്‍ണ്ണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന കൂട്ടകൊലയില്‍ 7 പേര്‍ കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഇനിയും സംസ്ഥാനത്ത് നടക്കരുതെന്ന് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതൊരു തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റല്‍ കൂടിയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗണ്‍വില്പന നിരോധനത്തിനെതിരെ ഇല്ലിനോയ് സ്‌റ്റേറ്റ് റൈഫിള്‍ അസ്സോസിയേഷന്‍ രംഗത്തെത്തി. 2.5 മില്യണ്‍ ഗണ്‍ ഉടമസ്ഥരെയാണ് പുതിയ ഉത്തരവ് ദോഷകരമായി ബാധിക്കുന്നത്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. പുതിയ നിയമം ഉടന്‍ നിലവില്‍ വരും. കണക്റ്റിക്കട്ട്, ഡെലവയര്‍, ഹവായ്, മേരിലാന്റ്, മാസ്സച്യൂസെറ്റ്‌സ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവയാണ് ഗണ്‍വില്പന നിരോധിച്ച മറ്റു സംസ്ഥാനങ്ങള്‍.