അമേരിക്കൻ മലയാളിയും പൊന്നാടയും – Maliakel Sunn

Spread the love

” പൊന്നാട അല്ലെങ്കിൽ അവാർഡ്” വാരിക്കോരി കൊടുക്കുന്നതിനു മുന്നിലാണ് അമേരിക്കൻ മലയാളി. അംഗീകരിക്കുകയും , അപ്രീഷിയേറ്റ് ചെയ്യുവാൻ പഠിപ്പിക്കുന്ന അമേരിക്കൻ സംസ്കാരത്തിൻറെ ഒരു ഭാഗം എന്ന് വേണമെങ്കിൽ പറയാം.

ഒരു പൊന്നാട സംഭവത്തിലേക്ക് കടക്കാം. ടെക്സസിലെ ഒരു പ്രമുഖ പ്രൊഫഷണൽ സംഘടന, അവരുടെ പത്താം വാർഷികത്തിന് വേണ്ടി മലയാള സിനിമയിലെ ഒരു പ്രമുഖനായ ഒരു വ്യക്തിയെ ഡാളാസ്ന് അടുത്തുള്ള സിറ്റിയിലേക്ക് ക്ഷണിച്ചു. ഡി.എഫ്.ബ്ല്യു എയർപോർട്ടിൽ നിന്ന് ലോക്കൽ ഫ്ലൈറ്റിലോ, ബൈ റോഡോ അവരുടെ പ്രോഗ്രാം സ്ഥലത്ത് എത്താം. പ്രമുഖൻ ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം താമസിക്കാനും മറ്റും അവർക്ക് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം എൻറെ കൂടെ താമസിച്ച് ബൈ റോഡ് വഴി അവിടെ ചെന്ന് പ്രോഗ്രാമിൽ പങ്കെടുത്ത് തിരിച്ചു പോകണം എന്ന് തീരുമാനിച്ചു.

Ponnada.jpg

സാധാരണ നാട്ടിൽ നിന്ന് കുറച്ചു ദിവസത്തേക്ക് വരുന്ന സുഹൃത്തുക്കൾ അമേരിക്കൻ ഫുഡ് കഴിക്കാനാണ് തല്പര്യംകാണിക്കാറ് .വളരെ ചുരുക്കം ചിലർ യാത്രക്ഷിണം മാറ്റാൻ നാടൻ കഞ്ഞിയും മറ്റും ചോദിക്കാറുണ്ട്. പ്രോഗ്രാം ആറുമണിക്ക് ആയതിനാൽ ഞങ്ങൾ നേരത്തെ പുറപ്പെട്ടു. സംഘാടകർ ഇടയ്ക്ക് ഞങ്ങളുടെ ക്ഷേമഅന്വേഷണം നടത്തുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും ഭക്ഷണം ക്രമീകരിക്കണോ എന്ന് ചോദിച്ചു എങ്കിലും ഒന്നും വേണ്ട എന്ന് പ്രമുഖൻ പറഞ്ഞു.

സ്ഥലത്ത് എത്താറായപ്പോൾ പ്രമുഖന് നാടൻ ചോറും ,മോരുകറിയും, പപ്പടം കഴിച്ചാലോ എന്നായി. സംഘാടകർ എല്ലാം റെഡിയാക്കാൻ തയ്യാറായിരുന്നു പക്ഷേ ഈ വൈകിയ വേളയിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു. എൻറെ സുഹൃത്തും ഇന്ത്യൻ ഗ്രോസറിക്കടയും, കേറ്ററിങ്ങും നടത്തുന്ന, മലയാളി അസോസിയേഷൻറെ പ്രസിഡണ്ടുമായ മണിമല മാത്തച്ചനെ വിളിച്ചു. കടയിൽ നല്ല തിരക്കാണ്,അവിടെ ഇരുന്നു കഴിക്കുവാൻ സൗകര്യക്കുറവു ഉള്ളതുകൊണ്ട് ഭക്ഷണം പാക്ക് ചെയ്തു വയ്ക്കാം നിങ്ങൾ വന്ന് എടുത്തുകൊള്ളൂ എന്നു പറഞ്ഞു. വൈകുന്നേരത്തെ പ്രോഗ്രാമിന്റെ മെയിൻ സ്പോൺസർ ആണെന്നും ,കാണാതെ പോകരുത് എന്നും പറഞ്ഞു.

ഞങ്ങൾ കടയുടെ സൈഡ് ഡോറിലൂടെ കയറി ഭക്ഷണം കഴിച്ചു. അപ്പോഴേക്കും മാത്തച്ചൻ അടുക്കളയിൽ നിന്ന് വന്നു . രണ്ട് കൈയിലും ഉഴുന്നുവട ഉണ്ടാക്കുന്ന മാവു പറ്റി പിടിച്ചിരുന്നു . എങ്കിലും മാത്തച്ചൻ രണ്ടു മൂന്നു സെൽഫി എടുത്തു .

അതിമനോഹരമായ സ്റ്റേജും ഓഡിറ്റോറിയവും. സംഘാടകർ തന്നെയുണ്ട് നൂറിലധികം. സെൽഫിയുടെ ബഹളം. പ്രമുഖന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം ഞങ്ങൾ തിരികെ പോകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു

പ്രോഗ്രാം കോഡിനേറ്റർ പ്രോഗ്രാം ചാർട്ട് വിശദമായി പറഞ്ഞു മനസ്സിലാക്കി. ഏതാണ്ട് 6:20 കൂടി പ്രമുഖന്റെ പേര് അനൗൺസ് ചെയ്തു, എൽ.ഇ.ഡി വാളിൽ പ്രമുഖനെ കുറിച്ച് പ്രമോ. പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന് സ്റ്റേജിലേക്ക് വിളിച്ചു. ഞങ്ങൾ നിന്ന് സൈഡിൽ നിന്നും സ്പോട്ട്ലൈറ്റിൽ പ്രമുഖൻ സ്റ്റേജിന്റെ നടുത്തളത്തിലേക്ക് വരികയും ഓപ്പസിറ്റ് സൈഡിലൂടെ പ്രമുഖനെ പൊന്നാട അണിയിക്കുന്ന ആൾ സ്പോട്ട്ലൈറ്റിൽ വരികയും ചെയ്യുന്നു. പൊന്നാട അണിയിച്ചതിനു ശേഷം , പ്രമുഖൻ മൈക്ക് വാങ്ങിച്ച് സംസാരിക്കുന്നു. ഇതാണ് പ്രോഗ്രാം.

ബാഗ്രൗണ്ടിൽ സോഫ്റ്റ് മ്യൂസിക്കിൽ അതിമനോഹരമായ സ്പോട്ട് ലൈറ്റിൽ പ്രമുഖൻ റൈറ്റ് സൈഡിൽ നിന്നും, പൊന്നാട അണിയിക്കുന്നയാൾ ലെഫ്റ്റ് സൈഡിൽ നിന്നും സ്റ്റേജിന്റെ നടുത്തളത്തിലേക്ക് നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പ്രമുഖൻ വളരെ ദേഷ്യത്തോടെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട് .

ഏതാണ്ട് 12 മിനിറ്റോളം പ്രമുഖൻ സംസാരിച്ചു.സ്റ്റേജിന്റെ സൈഡിലേക്ക് തിരിച്ചുവന്നു. പൊന്നാട ചുരുട്ടിക്കൂട്ടി എൻറെ കയ്യിൽ തന്നു. നമുക്ക് എത്രയും വേഗം തിരികെ പോകാം എന്നും പറഞ്ഞു. പ്രോഗ്രാമിന്റെ തിരക്ക് കാരണം ഞങ്ങൾ അവിടുന്ന് പോയത് ആരും അറിഞ്ഞില്ല.

കാറിൽ പാസഞ്ചർ സീറ്റിൽ ദേഷ്യത്തിൽ പ്രമുഖൻ. എടോ, എന്നെ മനപ്പൂർവം അവഹേളിക്കാൻ ആണോ ഇത്ര ദൂരം വിളിച്ചു വരുത്തിയത് ? എടോ താൻ കണ്ടില്ലേ ഉച്ചയ്ക്ക് നമ്മൾ ഭക്ഷണം കഴിക്കാൻ കയറിയ ആ കടയിലെ ഉഴുന്നുവട ഉണ്ടാക്കുന്ന ആളാണ് എന്നെ പൊന്നാട അണിയിച്ചത്. കടയുടെ ഓണറും അസോസിയേഷൻ പ്രസിഡന്റുമായ മണിമല മാത്തച്ചനെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത് .എടോ പൊന്നാട അണിയിക്കുന്നതിന് ചില നിയമങ്ങളെല്ലാം ഉണ്ട്.

അദ്ദേഹം പറഞ്ഞു മനസ്സിലാക്കുന്ന പോലെ പൊന്നാട ചട്ടങ്ങൾ പാലിക്കാൻ ഇവിടെ വളരെ ബുദ്ധിമുട്ടുണ്ട്. അതിലുപരി പ്രോഗ്രാമിന് സാമ്പത്തികമായി സപ്പോർട്ട് ചെയ്യുന്ന സ്പോൺസേഴ്സിനെ പൊന്നാട അണിയിക്കാനുള്ള അവസരങ്ങളും പൊന്നാടയും, കൊടുത്തില്ലെങ്കിൽ അവർ ഒരു പെന്നി പോലും തരില്ല, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം എടുത്തു. ഈ സംഭവം അറിഞ്ഞിട്ടാണോ എന്തോ എന്നെനിക്കറിയില്ല, പിന്നീട് പൊന്നാട അണിയിക്കൽ പൊതുവേ കുറഞ്ഞു.

Author