വനിതാ കമ്മിഷന്റെ കലാലയജ്യോതി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

Spread the love

കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ചുവരുന്ന കലാലയജ്യോതി ബോധത്കരണ പരിപാടിയും കൗമാരക്കാർക്കായുള്ള ബോധവത്കരണ ക്യാമ്പയിനായ ‘കൗമാരം കരുത്താക്കൂ’, എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി നിർവഹിച്ചു. ലിംഗ വിവേചനമില്ലാതെ സമൂഹത്തിലാകെ ആണിനും പെണ്ണിനും ഭിന്നലിംഗക്കാർക്കും തുല്യനീതി ഉറപ്പാക്കാൻ വീടുകളിൽനിന്നുതന്നെ ബോധവ്തകരണം ആരംഭിക്കണമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത് കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

തുല്യതയില്ലാത്ത അന്തരീക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിന്റെ ഭാഗമായാണു കൗമാരക്കാർക്കു പ്രത്യേക കരുതൽ നൽകി ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ വളരാനുള്ള സാഹചര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘കൗമാരം കരുത്താകൂ’ എന്ന ക്യാംപെയിൻ കമ്മിഷൻ ആരംഭിച്ചത്. വീടുകളിൽത്തന്നെ സമഭാവനയുടെ അന്തരീക്ഷം രൂപപ്പെടുത്തണം. പെൺകുട്ടികൾ ആത്മവിശ്വാസമില്ലാതെ വളർന്നുവരുന്ന സാഹചര്യം പൂർണമായി ഒഴിവാക്കണം. സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണമെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

തുടർന്ന് വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞയെടുത്തു. അഡ്വ. പി. സതീദേവി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും കമ്മിഷൻ തയാറാക്കിയ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും എന്ന നിയമബോധവത്കരണ കൈപ്പുസ്തകം കൈമാറി. ഇതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ വി. ഗ്രീഷ്മയ്ക്ക് നൽകി ചെയർപേഴ്‌സൺ നിർവഹിച്ചു.

ലഹരി, പ്രണയപ്പക, ലിംഗ അസ്വമത്വം എന്നിവയ്ക്കെതിരേ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്യാംപെയിനായാണു ‘കൗമാരം കരുത്താകൂ’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നവംബർ 10 -ന് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു. കലാലയങ്ങളിൽ കുട്ടികൾക്കായി നടത്തിവരുന്ന ശാക്തീകരണ പരിപാടിയാണു കലാലയ ജ്യോതി. കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ വി. ഗ്രീഷ്മ, കേരള സർവകലാശാല സോഷ്യോളജി വകുപ്പ് അസി. പ്രൊഫസർ എസ്.ജി. ബീനാമോൾ, പിടിഎ പ്രസിഡന്റ് റഷീദ് ആനപ്പുറം, എസ്എംസി ചെയർമാൻ എസ്.എസ്. മനോജ്, പ്രിൻസിപ്പൽ എച്ച്.എം. വി.രാജേഷ് ബാബു, വനിതാ കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ്, സ്‌കൂൾ ചെയർ പേഴ്‌സൺ നന്ദന അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Author