നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; അഞ്ചാം ദിനത്തിൽ 16 പുസ്തകങ്ങളുടെ പ്രകാശനം

Spread the love

വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ

വ്യത്യസ്ത വിഷയങ്ങളിലെ ചർച്ചകൾക്കും 16 പുസ്തകങ്ങളുടെ പ്രകാശനത്തിനും വേദിയൊരുക്കി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനം. ദേശീയ വിദ്യാഭ്യാസ നയവും കേരളവും വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പ്രൊഫസർ ഗോപാൽ ഗുരു, ഡോ.ബി ഇക്ബാൽ, ഡോ.പി.എസ് ശ്രീകല, പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യവും ഫെഡറലിസവും വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ എം.എൽ.എ മാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, രമേശ് ചെന്നിത്തല , എം.സ്വരാജ്, എം.പിമാരായ അബ്ദുൾ സമദ് സമദാനി , ജോസ് കെ മാണി , പി. കെ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിഷൻ ടോക്കിൽ ശ്രീധന്യ സുരേഷ് പ്രസംഗിച്ചു. ഇന്ത്യൻ സ്‌പേസ് പ്രോഗ്രാം എന്ന വിഷയത്തിൽ നടന്ന വിഷൻ ടോക്കിൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ സംസാരിച്ചു.

ശിഹാബുദീൻ പൊയ്ത്തുംകടവ് രചിച്ച കത്തുന്ന തലയണ എന്ന പുസ്തകം സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു. രേഖ ആർ.താങ്കൾ രചിച്ച പഴമൊഴിച്ചെപ്പ് എന്ന പുസ്തകവും കെ.രാജഗോപാലൻ രചിച്ച ‘ പതികാലം’ എന്ന പുസ്തകവും പി.സി വിഷ്ണുനാഥ് എംഎൽഎ പ്രകാശനം ചെയ്തു. പി.കെ അനിൽകുമാർ രചിച്ച പ്രസംഗകലയുടെ രസതന്ത്രം എന്ന പുസ്തകം കെ.വി മോഹൻകുമാറും കുഴൂർ വിൽസൺ എഴുതിയ മിഖായേൽ എന്ന കവിതാ സമാഹാരം പി.സി വിഷ്ണുനാഥ് എം എൽ എയും പ്രകാശനം ചെയ്തു.

എസ്.കമറുദ്ദീൻ രചിച്ച പറക്കാൻ കൊതിക്കുന്ന പക്ഷികൾ എന്ന പുസ്‌കതം കെ.വി മോഹൻകുമാർ പ്രകാശനം ചെയ്തു. സുകു പാൽക്കുളങ്ങര എഴുതിയ ഗാന്ധിജിയുടെ ഖാദി യാത്ര(പഠനം) ജോർജ്ജ് ഓണക്കൂറും വിജയകൃഷണൻ പി എഴുതിയ ലോക സിനിമയുടെ കഥ (ചരിത്രം) മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം ചെയ്തു. മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കാവ്യത്തിന്റെ 100 ാം വാർഷികത്തോടനുബന്ധിച്ചുള്ള പുതിയ പതിപ്പിന്റെയും സി.ദിവാകരൻ രചിച്ച അടിച്ചമർത്തപ്പെട്ടവരുടെ സമരഗാഥ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം പ്രൊഫസർ ജി എൻ പണിക്കർ നിർവഹിച്ചു. എബ്രഹാം മാത്യു രചിച്ച മൗനം മധുരം എന്ന പുസ്തകം മന്ത്രി പി പ്രസാദ് എ.എ റഹീം എം.പിക്ക് നൽകി പ്രകാശനം ചെയ്തു.

കെ. ജയകുമാർ രചിച്ച സൗപർണികാമൃതം(ഗാനസമാഹാരം) എം.എം ഹസൻ പ്രകാശനം ചെയ്തു. ആരാണ് മഗ്‌സാസെ എന്ന പുസ്തകം എം.വി ഗോവിന്ദൻ മാസ്റ്റർ എം.സ്വരാജിന് നൽകി പ്രകാശനം ചെയ്തു. ബൈജു ചന്ദ്രൻ രചിച്ച ജീവിതനാടകം എന്ന പുസ്തകം അടൂർ ഗോപാലകൃഷണൻ കെ.പി.എ.സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു.

വി.കെ ബാബുപ്രകാശിന്റെ നീതിയുടെ പ്രതിസ്പന്ദം എന്ന പുസ്തകം സ്പീക്കർ എ എൻ ഷംസീർ ഡോ.ബി ഇക്ബാലിന് നൽകി പ്രകാശനം ചെയ്തു. പി രവികുമാർ രചിച്ച നചികേതസ്സ് എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. എ.എം ഉണ്ണികൃഷണൻ, എസ്.ഭാസുരചന്ദ്രൻ, ഡോ.മധു വാസുദേവൻ, ഡോ.കെ.ടി സന്തോഷ്‌കുമാർ, ഷിബു നടേശൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു ഗ്രാമം നൂറ് ഓർമകൾ പുസ്തക ചർച്ചയും പുസ്തകോത്സവ വേദിയിൽ നടന്നു. വൈകിട്ട് 6.50 ന് ജിതേഷ് ജി അവതരിപ്പിച്ച വരയരങ്ങും ഏഴിന് മലയാള മനോരമ വിസ്മയ സന്ധ്യയും നടന്നു.

Author