ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ജനുവരി 14 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽ വെച്ച് നടന്ന ആഘോഷത്തിൽ മലയാളികളുടെ അഭിമാനവും ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജായി രണ്ടാമതും ഉജ്ജ്വല വിജയം നേടിയ ജഡ്ജ് ജൂലി മാത്യു വിശിഷ്ടാതിഥിയായിരുന്നു.

തന്റെ പ്രസംഗത്തിൽ തിരുവല്ലയുമായുള്ള അഭേദ്യമായ ബന്ധം എടുത്തുപറഞ്ഞു.. പുതിയ വർഷം തടസങ്ങളില്ലാത്ത, കഴിഞ്ഞ വർഷങ്ങളിൽ സാധിക്കാതെ പോയ കാര്യങ്ങൾക്കു മുൻഗണനകൾ നൽകുന്ന വർഷമാക്കുവാൻ നമുക്ക് സാധിക്കണം എന്ന് ആശംസിച്ചു. പുതിയ വർഷം മാറ്റങ്ങളുടെ, സഹജീവികളുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന, നമ്മുടെ ഉത്തരവാദിത്തങ്ങളും കടമകളും ഉപയോഗിക്കുമാറാകണം, തുടങ്ങിയ ചിന്തകൾ പങ്കുവെച്ചു. നമ്മുടെ വിജയം, നമ്മുടെ താലന്തുകൾ ഇവയൊക്കെ സമൂഹത്തിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കുവാൻ സാധിക്കണം എന്നും ജഡ്ജ് ഓർമിപ്പിച്ചു.

പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതുതായി പങ്കെടുത്ത അംഗങ്ങളെ സ്വാഗതം ചെയ്തതോടൊപ്പം കൂടുതൽ അംഗങ്ങളെ സംഘടന യിലേക്കു കൊണ്ടുവരുന്നതിന് എല്ലാവറം ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

റവ. ഫാ. ഏബ്രഹാം തോട്ടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകി. ജീവിത വിജയം നേടാൻ സഹജീവികളെ നമ്മെ പോലെ സ്നേഹിക്കുകയും സ്നേഹവും സാഹോദര്യവും ഉള്ള ഒരു തലമുറയെ ഉണ്ടാക്കിയെടുക്കുവാൻ നമുക്ക് സാധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ കൊയർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ബിജു ജോർജിന്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായിരുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോ. അന്ന ഫിലിപ്പ് സ്വാഗതവും സെക്രട്ടറി സുജ കോശി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ട്രഷറർ ഉമ്മൻ തോമസിന്റെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളായ എം ടി മത്തായി, റോബിൻ ഫിലിപ്പ്, ടെറിഷ് തോമസ്, അജു വാരിക്കാട്, ഷിബു ജോൺ, ജോർജ് തോമസ്, ജോ തോമസ്, ആനി ഉമ്മൻ, മോളി മത്തായി, ഐപ്പ് തോമസ് തുടങ്ങിയവരടങ്ങിയ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിഭവ സമൃദ്ധമായ വിരുന്നോടു കൂടി ഈ വർഷത്തെ പരിപാടികൾക്ക് വിരാമമായി.

വൈകിട്ട് നടന്ന വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ടും വാർഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. മുൻ വർഷത്തെ കമ്മിറ്റി തന്നെ തുടരണം എന്ന് പൊതുയോഗം ആവശ്യ പ്രകാരം പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഡോ. അന്ന ഫിലിപ്പ്, സെക്രട്ടറി സുജ കോശി, ജോയിന്റ് സെക്രട്ടറി ടെറിഷ് തോമസ് ട്രഷറർ ഉമ്മൻ തോമസ് എന്നിവർ ഭാരവാഹികളായി തുടർന്നും പ്രവർത്തിക്കും.

Author