സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം: മന്ത്രി

Spread the love

സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല അന്തരീക്ഷവുമൊരുക്കി ചിത്രാഞ്ജലി സ്റ്റുഡിയോ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിച്ച സിനി എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പ്രകൃതി ഭംഗി മലയാള സിനിമയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന് പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. മറ്റ് ഭാഷാസിനിമകളിലും കേരളത്തിലെ സ്ഥലങ്ങൾ പ്രതിഫലിക്കണം. ആധുനിക രീതിയിലുള്ള കൂടുതൽ തിയേറ്ററുകൾ നിർമിക്കുന്നതിനുള്ള നടപടി കാര്യക്ഷമമാക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ഒ റ്റി റ്റി പ്ലാറ്റ്ഫോം നിർമാണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സത്യൻ സ്മൃതി ഹാളിൽ നടന്ന സിനി എക്സ്പോ കെ. എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓഡിയോ വിഷ്വൽ മേഖലയിലെ പ്രശസ്ത സിനിമാ നിർമാണ ഉപകരണ കമ്പനികളായ ആരി, സോണി, സിഗ്മ, സീസ്, അപ്പുച്ചർ, ഡിസ്ഗൈസ് തുടങ്ങിയ 13 കമ്പനികൾ എക്സ്പോയിൽ പങ്കെടുത്തു. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മികച്ച ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

കെ. എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ എൻ. മായ, സിനിമാ നിർമാതാവ് എം. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Author