മാവേലി നോൺ- സബ്സിഡി ഉത്പന്നങ്ങൾ: കഴിഞ്ഞ വർഷം സപ്ലൈകോയ്ക്ക് 665.72കോടി രൂപയുടെ വിൽപ്പന

Spread the love

കഴിഞ്ഞ വർഷം (2022) ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു. സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി , കുറഞ്ഞ മാർജിനിൽ വിൽപ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിലുള്ളത്.

ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉൽപ്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്. സബ്സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉത്പന്നങ്ങളായ സബ്സിഡിയിതര വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയാണിത്.

3316 ടൺ ശബരി തേയിലയുടെ വിൽപ്പനയും ഇക്കാലയളവിൽ നടന്നു. ശബരി തേയില വില്പനയിൽ സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി ഡോ. സഞ്ജീബ് പട്ജോഷി പറഞ്ഞു. ശബരി ബ്രാൻഡിനു കീഴിൽ ശബരി സുപ്രീം, ഗോൾഡ്, ഹോട്ടൽ ബെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് എന്നീ പേരുകളിലാണ് ശബരി തേയില വില്പന നടത്തുന്നത്. ഇതിനു പുറമേ ഇന്ത്യൻ ബ്ലാക്ക് ടീ, ഗോൾഡ് ഫൈൻ ബ്ലെൻഡ് എന്നീ പേരുകളിൽ സപ്ലൈകോ യുഎഇയിലേക്ക് തേയില കയറ്റുമതി നടത്തുന്നുണ്ട്.

2022ൽ ഏകദേശം 100 കോടി രൂപയുടെ മരുന്നു വില്പനയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ൽ വിതരണം ചെയ്തത്.

Author