ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾ ഇനി സ്വന്തമായി വാഹനമോടിച്ചെത്തും

Spread the love

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്‌കിൽ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു.
ജില്ലാ മിഷൻ ഹാളിൽ നടന്ന, ഡ്രൈവിങ് ലൈസൻസ് നേടിയ അംഗങ്ങളുടെ സംഗമത്തിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും ലൈസൻസ് നേടിയ സേന അംഗങ്ങൾ പങ്കെടുത്തു.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന വാഹനങ്ങളിലാണ് ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നത്. ഇനി ഈ വാഹനങ്ങളുടെ വളയം പിടിക്കുന്നതിന് ഇവർ തന്നെയായിരിക്കും. ഒതുക്കുങ്ങൽ സഫാരി ഡ്രൈവിംഗ് സ്‌കൂളിൽ നിന്നാണ് ഇവർ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയത്. ജില്ലയിൽ നൂറോളം പേരാണ് ഡ്രൈവിങ് ലൈസൻസ് നേടിയത്. ജില്ലാ മിഷൻ ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥർ, ഡ്രൈവിങ് പരിശീലകർ എന്നിവർ പങ്കെടുത്തു.

Author