മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നത് – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള ഒരു കീഴടങ്ങലിനുമില്ല; പൊലീസിനെ വിട്ട് രാഹുല്‍ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ അതേ പാതയിലാണ് പിണറായിയും എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്ത്.

തിരുവനന്തപുരം : പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നത്. ഇന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയെങ്കിലും അവ്യക്തത നിലനില്‍ക്കുകയാണ്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട റൂള്‍ 50 കഴിഞ്ഞ കാലഘട്ടങ്ങളില്‍ എങ്ങനെയായിരുന്നോ അതുപോലെ നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പഴയതു പോലെ

അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. കീഴ് വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴയത് പോലെ അടിയന്തര പ്രമേയം പുനസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഒരു കാരണവും ഇല്ലാതെ കൃത്യമായ റൂള്‍ പോലും ഉദ്ധരിക്കാതെ പ്രധാനപ്പെട്ട നാല് അടിയന്തര പ്രമേയ നോട്ടീസുകളാണ് തള്ളിക്കളഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ വാച്ച് ആന്‍ഡ് വാര്‍ഡും ഭരണകക്ഷി എം.എല്‍.എമാരും ഉണ്ടാക്കിയ പ്രശ്‌നത്തിന്റെ പേരില്‍ വാദി പ്രതിയാക്കപ്പെട്ട സാഹചര്യവും നിലനില്‍ക്കുകയാണ്. രണ്ട് വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കള്ളക്കേസെടുത്തു. പ്രതി ചേര്‍ക്കേണ്ടവര്‍ക്കെതിരെ ജാമ്യം കിട്ടുന്ന നിസാര

വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതൊക്കെ ആരെ പേടിപ്പിക്കാനാണ്? സഭാ ടി.വിയില്‍ പ്രതിപക്ഷ പ്രതിഷേധം കൂടി കാണിക്കുമെന്ന സ്പീക്കറുടെ റൂളിങിനെ സ്വാഗതം ചെയ്യുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്.

ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസായി നല്‍കിയത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജറി കഴിഞ്ഞ് അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയെ ജീവനക്കാരന്‍ അപമാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വഞ്ചിയൂരില്‍ അമ്മ ആക്രമിക്കപ്പെട്ട വിവരം മകള്‍ അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പിണറായിയുടെ മൂക്കിന് താഴെയുള്ള പൊലീസ് സ്റ്റേഷനിലാണ് ഇത് നടന്നത്. ലോ കോളജില്‍ പ്രിന്‍സിപ്പലിനെയും 16 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 21 അധ്യാപകരെയും പത്ത് മണിക്കൂറോളം മുറിയില്‍ ഇരുട്ടത്ത് പൂട്ടിയിട്ട എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ എന്ത് കേസാണെടുത്തത്? വാദികളായ എം.എല്‍.എമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത പൊലീസ് അധ്യാപികയുടെ കൈപിടിച്ച് തിരിക്കുകയും അധ്യാപകരെ പൂട്ടിയിടുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ നിസാരമായ കേസ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കുമെന്ന അവസ്ഥയാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് ഈ മൂന്ന് സംഭവങ്ങളും. പക്ഷെ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ നിയമസഭയില്‍ വരുന്നത്. ആ രീതിയുമായി യോജിച്ച് പോകാനാകില്ല. പൊലീസിനെ വിട്ട് രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ നരേന്ദ്ര മോദിയുടെ അതേ പാതയിലൂടെയാണ് പിണറായി വിജയനും പോകുന്നത്. അതുകൊണ്ടാണ് കള്ളക്കേസടുത്ത് എം.എല്‍.എമാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ അറിയിക്കുക മാത്രമാണുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാതെ കാര്യോപദേശക സമതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സ്പീക്കറുടെ റൂളിങിന് വിരുദ്ധമായ നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. സര്‍ക്കാരിന് അപ്രിയമായ വിഷയങ്ങള്‍ അടിയന്തര പ്രമേയമായി തരില്ലെന്നത് അംഗീകരിക്കാനാകില്ല. സ്പീക്കറോ മുഖ്യമന്ത്രിയോ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്‌നം തീര്‍ക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഏഴ് പേര്‍ക്കെതിരെ കള്ളക്കേസ് എടുത്ത സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാകില്ല. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ? കണ്‍മുന്നില്‍ നടന്ന സംഭവത്തിലാണ് കലാപത്തിന് കള്ളക്കേസെടുത്തത്. അങ്ങനെയാണെങ്കില്‍ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരെ പത്ത് മണിക്കൂര്‍ പൂട്ടിയിട്ടിട്ട് ജാമ്യമുള്ള കേസെടുക്കുന്ന നീതിനിര്‍വഹണമാണ് കേരളത്തില്‍ നടക്കുന്നത്.

ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അഭിനയിച്ച് വീഴുകയായിരുന്നു. അയാളുടെ ദേഹത്ത് ഒരാള്‍ പോലും കൈവച്ചിട്ടില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് എം.എല്‍.എമാര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദേശാഭിമാനിയില്‍ എഴുതിവച്ചില്ലേ? എന്ത് വൃത്തികേടും കൈരളി ടി.വിയിലും ദേശാഭിമാനിയിലും എഴുതി വയ്ക്കും.

മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വിധേയമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ റൂളിങില്‍ പറഞ്ഞെങ്കിലും സര്‍വകക്ഷി യോഗത്തില്‍ അടിയന്തര പ്രമേയ വിഷയം പരിശോധിച്ച് വേണമെങ്കില്‍ അനുവദിക്കുമെന്ന് പറഞ്ഞത് സ്പീക്കറല്ല മുഖ്യമന്ത്രിയാണ്. വര്‍ഷങ്ങളായി തുടരുന്ന രീതി തന്നെ അടിയന്തര പ്രമേയ നോട്ടീസില്‍ തുടരുമെന്ന് അറിയിച്ചാല്‍ പ്രശ്‌നം അവസാനിക്കും. എന്നാല്‍ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിക്കാന്‍ പോലും സ്പീക്കര്‍ ഇതുവരെ തയാറായിട്ടില്ല.