ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി… ബെന്നി

Spread the love

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും ഗ്ലൂക്കോസ് ട്രിപ്പ് കഴിഞ്ഞ് തിരികെ വീട്ടിലേക്കുള്ള യാത്ര. പൊന്നോമനേ, കുറച്ചു ദിവസങ്ങളായി നിനക്ക് ജലപാനം പോലുമില്ല.
പുറത്ത് നല്ല തണുപ്പാണ്. വലത്തുഭാഗത്തെ സീറ്റ് പിറകോട്ട് വലിച്ചിട്ട് നീ കണ്ണടച്ചു കിടന്നു വിശ്രമിക്കുന്നു.
പാർക്കിങ്ങ് ഏരിയയിൽ നിന്നും കാർ എടുത്ത് പുറത്തേക്കിറങ്ങി. ഫസ്റ്റ് സ്ട്രീറ്റിൽ കൂടി ടേൺപൈക്കിൽ കയറിയപ്പോൾ കണ്ണു പകുതി തുറന്ന് നീ പതുക്കെ കൈയ്യനക്കി.
നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ യാത്രയാകും ഇതെന്ന് ഞാനൊരിക്കലും കരുതിയില്ല.

ആശുപത്രിവാസം കഴിഞ്ഞ് തിരികെ പോരുമ്പോഴൊക്കെ നിന്റെ ഇഷ്ട ഗാനം കേൾക്കണം. രണ്ടു പേരും കൂടി ഉറക്കെ പാടണമെന്ന നിന്റെ ആഗ്രഹത്തിന് ഞാൻ എന്നും വഴങ്ങും.
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ അടുത്ത വരിയിൽ – എനിക്കൊരു ജന്മം കൂടി എന്നത് നീ തിരുത്തി – നമുക്കൊരു ജന്മം കൂടി എന്നത് നീ ഉറക്കെ പാടും. കൂടെ ഞാനും.
അനുസരണമില്ലാത്ത കോശങ്ങളുമായി ഒന്നൊര വർഷത്തോളമുള്ള നിലയ്ക്കാത്ത ദ്വന്ദ്വയുദ്ധം. പലപ്പോഴും വിജയശ്രീലാളിയായി പോർക്കളത്തിൽ നിന്നും തലയുയർത്തിപ്പിടിച്ച് ചെറുപുഞ്ചിരിയോടെ വന്ന് എന്നെ ആശ്ലേഷിക്കും. നെറുകയിലൊരുമ്മ തന്നിട്ട് കൈകൾ കോർത്തുപിടിച്ചു നമ്മൾ കാറിൽ കയറും.

ആൽമരച്ചില്ലയിൽ പൊന്നില കൂടുകൂട്ടിയിട്ട്, അതിനകത്ത് മുട്ടിയുരുമ്മിയിരുന്ന് പരസ്പരം ചൂട് പകർന്നു കൊണ്ടിരിക്കുകയായിരുന്നു രണ്ട് ക്രൗഞ്ച മിഥുനങ്ങൾ.
വരാനിരിക്കുന്ന വസന്ത കാലത്തിനെ വരവേൽപ്പാനായി പാടിക്കൊണ്ടിരുന്ന പെൺകിളിയെയാണ് നിഷ്ടൂരനായ വേടൻ ക്രൂരമ്പെയ്ത് വീഴ്ത്തിയതു്. മണ്ണിൽ വീണ് പിടഞ്ഞ ചങ്ങാലി പെൺകിളി തന്റെ കാമുകന്റെ കണ്ണുകളിലേക്ക് നോക്കി അന്ത്യശ്വാസം വലിച്ചു.
മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
ഹാ കഷ്ടം! കാലം മാപ്പു കൊടുക്കട്ടെ!
ഓർമ്മകളുടെ പച്ചവിരിച്ച ഇതളുകൾ ഓരോന്നായി അറിയാതെ നിവർത്തി നോക്കി.
കലാലയത്തിന്റെ പിരിയൻ ഗോവണിപ്പടിയുടെ താഴെവെച്ചാണ് പച്ചസാരിയുടുത്ത് പച്ചപ്പൊട്ടുതൊട്ട പഞ്ചവർണ്ണക്കിളിയെ ആദ്യമായി കണ്ടത്.
ക്ലാസ്സ് മുറിയിൽ നിറഞ്ഞു നിന്ന് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തെറ്റാതെ പറയും. ഒപ്പം അനേകം സംശയങ്ങളും. വൈദ്യശാസ്ത്ര രസതന്ത്രത്തിലെ സൂത്രവാക്യങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഗഹനതയെ മറനീക്കി തരാൻ തന്നോട് ആവശ്യപ്പെടും.
കലാലയത്തിന്റെ വടക്കുഭാഗത്ത് തഴച്ചു വളർന്നിരുന്ന ചെമ്പക പൂമരങ്ങൾ. അവയിലെന്നും പൂക്കളുടെ വസന്തമായിരുന്നു.
വസുന്ധരേ, നീയന്നു തന്ന കൈലേസ് ഇന്നുമെന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മുള്ളു നിറഞ്ഞ തണ്ടിൽ വിരിഞ്ഞു നിൽക്കുന്നു ചുമന്ന പനിനീർ പൂവ്.
‘അനേക ദിവസങ്ങൾ കൊണ്ടാണ് ഞാനിത് തുന്നിപ്പിടിപ്പിച്ചത്… ട്ടോ… കളഞ്ഞേക്കരുത്… ‘
ഞാനതിലെത്ര ചുംബിച്ചിരുന്നുവെന്നത് അറിയോ, പെണ്ണേ?
എന്തിനാണ് മുള്ളുള്ള തണ്ടെന്ന എന്റെ സംശയത്തിന് നീ പറഞ്ഞു.
‘ഇലകളും പൂവും വാടിക്കരിഞ്ഞു പോകും. മുള്ളുള്ള തണ്ട് എന്നുമുണ്ടാകും.’
വലിയ തത്വജ്ഞാനിയെപ്പോലെ നീ പറഞ്ഞത് ഓർമ്മകളുടെ അടിത്തട്ടിൽ നിന്നും ഒരു നീർക്കുമിള പോലെ ഉപരിതലത്തിലേക്ക് വന്നെന്നെ നൊമ്പരപ്പെടുത്തുന്നു.
പതിറ്റാണ്ടുകൾ സ്വപ്നങ്ങൾ പരസ്പരം കൈമാറി, കാലം അനർഗളമായി ഒഴുകിയൊഴുകി കടലിൽ ചെന്ന് ജലസമാധിയായി. എത്രയെത്ര വേലിയേറ്റങ്ങളും, ഇറക്കങ്ങളും, വസന്തവും, വേനലും, ഹേമന്തവും, ശൈത്യവും നമ്മൾ ഒരുമിച്ച് അനുഭവിച്ചു.
വലിയ ഡോസിലുള്ള വേദനസംഹാരികളുടെ കരുണയിൽ മാത്രം കിട്ടുന്ന ഇളവേളകളിൽ പതുക്കെ എഴുന്നേറ്റു വന്നിട്ട് കിടപ്പുമുറിലെ ചില്ലുജാലകത്തിൽക്കൂടി മുററത്ത് നട്ടുവളർത്തിയ റോസിനേയും മുല്ലയേയും കണ്ടുകൊണ്ട് നീയെന്നും ഇരിക്കും. കൂട്ടുകാരായ മാടപ്രാവിണകൾ നിന്നെ കാണാൻ എന്നും ജനാലപ്പടിയിൽ വരും. അവയോട് കുശലം പറഞ്ഞ് എല്ലാം മറന്ന് കുറേ നേരമിരിക്കുന്നത് നിന്റെ ഇഷ്ട വിനോദമായിരുന്നു.
ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് നീയെന്നോട് പറഞ്ഞു.
‘ ജോച്ചായാ, മുല്ലച്ചെടിച്ചട്ടികൾ ബെയ്സ്മെന്റിൽ എടുത്തുവെയ്കണേ. എന്നിട്ട് ലൈറ്റിട്ടു കൊടുക്കണം. എനിക്ക് നടന്നിറങ്ങിവരാൻ ആകില്ലെന്ന് അറിയാല്ലോ.
എല്ലാ ദിവസവും മുല്ലച്ചെടിയെ തൊട്ടു തലോടിയിട്ട് കുറെ പൂക്കൾ വിരിയാൻ പറയണം. ചെടികൾക്കും ആത്മാവുണ്ട്. റോസാച്ചെടി മണ്ണിലാ നിൽക്കണത്. ഇലകളും പൂക്കളും വാടിക്കരിഞ്ഞു വീണാലും അടുത്ത വസന്തത്തിൽ അത് തളിർത്തുവരും.
ഈ വർഷം എന്താ ഇത്ര നേരത്തേ റോസാച്ചെടിയുടെ പൂക്കളും ഇലയും വാടിക്കൊഴിഞ്ഞു പോയത് ജോച്ചായ? ഞാനും ഉടനെ… ‘
നിഷ്കളങ്കമായ ഈ ചോദ്യം എന്നും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഒരു ഇടിവെട്ടു പോലെയാണ് അത് വന്നു പതിച്ചത്. പെട്ടെന്ന് സംയമനം പാലിച്ചിട്ട് ഞാൻ പറഞ്ഞു.
‘കരിനീലക്കണ്ണുള്ള പെണ്ണേ, നിന്റെ കവിളത്തൊരു ഉമ്മ..
ഡിയർ മൈ ഡാർലിങ്ങ്, മൈ ഹണി.. വാട്ട് യു ആർ ടെല്ലിങ്.. നത്തിങ്ങ് ഗോയിംഗ് ടു ഹാപ്പെൻ ടു യു, ഓക്കെ ഡിയർ… ഈ വർഷം നേരത്തെ തണുപ്പ് തുടങ്ങി. അടുത്ത ആഴ്ച്ച മഞ്ഞ് പെയ്യുമെന്നു കേട്ടു.’
ഒരു നെടുവീർപ്പോടെ കണ്ണുകളടച്ച് നീ മൗനിയാകും. എന്നിട്ട് ചുണ്ടുകൾ പതുക്കെ ചലിപ്പിച്ച് പ്രാർത്ഥിക്കുന്ന നിന്നെ ഞാൻ വിഷാദത്തോടെ നോക്കിയിരിക്കും.
കന്യാമറിയം അമ്മയോടുള്ള അപേക്ഷയാണെന്നത് എനിക്കറിയാം. മാതാവിന്റെ വലിയ ഭക്തയായിരുന്നല്ലോ നീ എന്നും.
അതിജീവനത്തിന്റെ ഗ്രാഫ് താഴേക്കു താഴേക്ക് വളരെ വേഗത്തിൽ വരുന്നത് നമുക്കു രണ്ടു പേർക്കും നന്നായി അറിയാമായിരുന്നിട്ടും നമ്മളത് അറിഞ്ഞതായി നടിച്ചില്ല.
സ്വർണ്ണച്ചിറകുകൾ വിരിയിച്ച് നീ പറന്നു പോയത് നിറകണ്ണുകളോടെ നോക്കി നിൽക്കാനെ ഓമനേ, എനിക്കായുള്ളൂ…
എന്റെ പ്രാണനെ പകരമായി എടുത്തോളാൻ ഏറെ കെഞ്ചിയിട്ടും മാലാഖമാരാരും ചെവി തന്നില്ല. എന്റെ പൊന്നിനെ ഞാൻ വിട്ടുതരില്ല… ഇതാ പകരമായി എന്നെ എടുത്തോളൂ എന്ന് അലമുറയിട്ടിട്ടും എന്റെ കരളിനെ അവർ തട്ടിപ്പറിച്ചു കൊണ്ടുപോയി. തുളുമ്പിപ്പോയ എന്റെ കണ്ണുകളിലേക്ക് അർദ്രതയോടെ നോക്കിയിട്ട് നീ യാത്ര പറഞ്ഞു.
വേദനയില്ലാത്ത ഒരു ലോകത്തിലേക്ക്… രംഗബോധമില്ലാത്ത നിഷ്ഠൂരനായ കോമാളിയായി മരണം തിമർത്താടുന്നത് കണ്ട് ഞാൻ വിങ്ങിപ്പൊട്ടി.
‘മരണമെത്തുന്ന നേരത്ത് അരികിൽ ഇരുന്നെന്റെ കവിളത്ത് തലോടണേ’യെന്ന് പലവട്ടമെന്നെ ഓർപ്പിച്ചിരുന്നല്ലോ. പുന്നാരെ, കരളുപൊട്ടിപ്പോയ എനിക്കത് സഹിക്കാനാകുമായിരുന്നില്ലെങ്കിലും.
സ്വകാര്യമായിട്ടൊന്ന് പൊട്ടിക്കരയാനായി ബേസ്മെന്റിലേക്ക് ഞാനോടി. നീ നട്ടുവളർത്തിയ മുല്ലകളെല്ലാം പുഷ്പിച്ചിരിക്കുന്നു!
മുല്ലപ്പൂമണം വീടു മുഴുവൻ നിറഞ്ഞിരിക്കുന്നു. നിനക്കായ് മുല്ല പൂവിട്ടിരിക്കുന്നു.
ഒരു പൂവ് മാത്രം നിർത്തിയിട്ട് ബാക്കിയെല്ലാം ഞാൻ പിഴുതെടുത്തു.
ഞാൻ സമ്മാനിച്ച മന്ത്രകോടിയുടെ അകത്തത് ഭദ്രമായി അത് സൂക്ഷിച്ചുവെച്ചു.
നിന്നെ ചമയിക്കാനായി മന്ത്രകോടി കൊടുത്തുവിട്ടപ്പോൾ മല്ലപ്പൂക്കളെ നിന്റെയരികിൽ അലങ്കരിക്കണമെന്ന് പ്രത്യേകം പറഞ്ഞുവിട്ടിരുന്നു.
ഓർമ്മകൾ മഴവെള്ളപ്പാച്ചിൽ പോലെ രണ്ടു കരകളേയും സംഭ്രമിപ്പിച്ച് കുത്തിയൊഴുകി ഇരമ്പിയെത്തുന്നു…
ക്ലാസ്സുമുറിയിൽ നീയായിരുന്നു താരം. ആ കൊച്ചു കുസൃതിക്കുട്ടിയെ ഞാനെങ്ങനെയാണ് പ്രണയിക്കാതിരിക്കുക!
ആശുപത്രി സന്ദർശനം കഴിഞ്ഞ് തിരികെ പാർക്ക് വേയിൽ എത്തുന്നതിന് തൊട്ടുമുമ്പ് കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കൊണ്ട് ചോദിക്കും.
‘ജോച്ചായാ, ഞാനൊരു നീണ്ട യാത്ര പോയാൽ ജോച്ചായന് സങ്കടാകോ…?’
ഉത്തരം പറയാൻ വളരെ വേദനയുണ്ടെങ്കിലും തോളിൽ കൈയ്യിട്ടിട്ട് പറയും.
‘ഒന്ന് പോടി പൊട്ടിപ്പെണ്ണേ, പ്രിയ തങ്കം… മോള് എവിടേം പോണില്ല. ഈ കുസൃതിക്കുട്ടിയെ ഞാനെങ്ങും വിടില്ല. എന്റെ കൈവെള്ളയിൽ ചേർത്ത് പിടിക്കും. ..’
ഉള്ളിലെ വിങ്ങൽ ഒളിപ്പിച്ചുവെച്ചിട്ട്, കവിളിലൊന്നു നുള്ളിയിട്ട് ഞാൻ ഉറക്കെ പാടും
‘വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് ….’
നീയത് ഏറ്റുപാടും…നമ്മൾ ഉറക്കെയുറക്കെ പാടും
‘ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
നമുക്കിനിയൊരുജന്മം കൂടി’
പഴയ പ്രണയകാവ്യത്തിലെ ശകുന്തളയായി നീയെന്റെ കൂടെ ഏറ്റുപാടും…
നിന്റെ കവിളിണകൾ ചുമുന്നു തുടിക്കുന്നതും കണ്ണുകളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നതും കണ്ട് ഞാൻ വീണ്ടും വീണ്ടും ഉറക്കെപ്പാടും…
‘ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ…’
പൊന്നോമനേ, ഞാൻ സമ്മാനിച്ച പച്ച നിറത്തിൽ കസവു പൂക്കളുള്ള മന്ത്രകോടിയിൽ ഒരുങ്ങിച്ചമഞ്ഞ് അനന്തമായ വിശ്രമത്തിനുള്ള യാത്രക്കായി നീ ഉറങ്ങിക്കിടക്കുന്നു. നീയെത്ര സുന്ദരികുട്ടിയായിട്ടാർന്നു ഒരുങ്ങിക്കിടന്നിരുന്നത് എന്നത് അറിയോ?
പച്ചപ്പനങ്കിളി തത്തേ, നിന്റെ വിശ്രമസ്ഥലത്തേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.
സ്വർണ്ണ രഥത്തിൽ ഒരു ചക്രവർത്തിനി ആയുള്ള നീന്റെ യാത്ര.
നിന്റെ സിംഹാസനത്തിനരികെ ഞാനിരിപ്പുണ്ട്.
രാജകീയ പ്രൗഢികളോടെ, ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ, അനേക ഗജവീരന്മാരുടെ അകമ്പടിയോടെ….
‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു
ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍……………’
പൊന്നോമനേ, കാലത്തിന്റെ മഹാപ്രയാണത്തിൽ, ഓട്ടം തികച്ച്, നല്ല പോർ പൊരുതി, ആവോളം സ്നേഹം പകർന്നു കൊടുത്ത്, ധന്യയായി യാത്രാമൊഴി ചൊല്ലിയിട്ട് ഈ വഴിയമ്പലത്തു നിന്നും നീ പിരിയുന്നു..

Dr. Mathew  Joys

Author