കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ

Spread the love

ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡൈസേഷൻ, സ്‌കില്ലിംഗ് എന്നീ മേഖലകളിൽ കേരള ഗ്രീൻ ഹൈഡ്രജൻ മിഷന് ആവശ്യമായ പിന്തുണ നൽകാൻ സ്വിറ്റ്‌സർലൻഡിലെ നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ആയ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (ജിഎച്ച് 2) തയ്യാർ. പൊതു-സ്വകാര്യ-അക്കാദമിക പങ്കാളിത്തം ഉള്ള ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം, 575 മില്യൺ ഡോളറിന്റെ മൂലധനച്ചെലവിൽ പ്രതിദിനം 60 ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനശേഷിയുള്ള 150 മെഗാവാട്ട് ഇലക്ട്രോലൈസർ, സംഭരണവും ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചറും ഉള്ള പ്ലാന്റ് എന്നിവയാണ് കൊച്ചി ഹൈഡ്രജൻ ഹബിൽ സ്ഥാപിക്കുക. രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മിഷൻ ആരംഭിച്ച സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ ഈ മേഖലയിലെ ശ്രമങ്ങൾ മികച്ചതാണ്. കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്ന കാര്യത്തിൽ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. രാസവളം, റിഫൈനറി, വ്യോമയാനം, ഗതാഗതം, ഷിപ്പിംഗ് മേഖലകളിലെ ആവശ്യങ്ങൾക്ക് ഹരിത ഹൈഡ്രജൻ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ 50 കിലോമീറ്റർ ചുറ്റളവിൽ ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്റർ ആണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.
ജിഎച്ച് 2 സി.ഇ.ഒ. ജോനാസ് മോബർഗ്, ഡോ. സ്റ്റെഫാൻ കോഫ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും 2050-ഓടെ ‘നെറ്റ് സീറോ’ കൈവരിക്കുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങളെ ജിഎച്ച് 2 അഭിനന്ദിച്ചു. കേരള ഗ്രീൻ ഹൈഡ്രജൻ മിഷൻ GH2 വുമായി ഔപചാരിക ധാരണാപത്രം ഒപ്പിടുന്നതും തീരുമാനിച്ചു.

Author