അഴീക്കൽ മത്സ്യബന്ധന തുറമുഖം: 25.37 കോടിയുടെ പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കും

Spread the love

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അഴീക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 185.35 മീറ്റർ നീളത്തിൽ ബോട്ടുകൾ കരയ്ക്കടിപ്പിക്കാനുള്ള വാർഫ്, 498 ചതുരശ്ര മീറ്ററിൽ ലേലപ്പുര, തൊഴിലാളികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള 12 ലോക്കർ മുറി, സാഫ് ഓഫീസ്, മത്സ്യം വാഹനത്തിൽ കയറ്റാനും പാർക്കിങ്ങിനുമുള്ള സൗകര്യം, ഓഫീസ് കെട്ടിടം, കാന്റീൻ, ശുചിമുറി ബ്ലോക്ക്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വലയുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്താനുള്ള സ്ഥലം, ബോട്ട് യാർഡ് നവീകരണം, ഡ്രഡ്ജിങ്, ചുറ്റുമതിൽ, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, തുറമുഖത്തേക്കുള്ള റോഡ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവയാണ് ഇവിടെ ഒരുക്കുക. കൂടുതൽ നീളത്തിൽ ലാൻഡിംഗ് ബർത്ത് നിർമ്മിക്കുന്നതോടെ കൂടുതൽ ബോട്ടുകൾക്ക് തുറമുഖത്തെത്തി മത്സ്യം ഇറക്കാൻ സാധിക്കും. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതിനൊപ്പം വ്യാപാര മേഖലക്കും അനുബന്ധ മേഖലകൾക്കും ഉണർവ്വേകും.

Author