ന്യൂയോർക്ക് സെനറ്റിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങൾ – മാത്യുക്കുട്ടി ഈശോ

Spread the love

മലയാളി പൈതൃക മാസമായി മെയ് മാസം പ്രഖ്യാപിച്ചു.

ന്യൂയോർക്ക്: ആൽബനിയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിടോൾ ബിൽഡിങ്ങിലെ സ്റ്റേറ്റ് സെനറ്റ് ഹാളിൽ മലയാളികൾക്ക് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച് മല്യയാളിയായ സെനറ്റർ കെവിൻ തോമസിന്റെ പ്രമേയത്തിന്മേൽ ഉജ്ജ്വല പ്രഖ്യാപനം. ന്യൂയോർക്ക് സംസ്ഥാനത്ത് മെയ് മാസം മലയാളി ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചതിന് ദൃക്‌സാക്ഷികളാകുവാൻ സാധിച്ച കുറേ മലയാളി സുഹൃത്തുക്കൾക്ക് അത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായി മാറി. സെനറ്റർ കെവിൻറെ ഉപദേശക സമിതിയിലെ അംഗം കൂടിയായ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാമിന്റെ നേതൃത്വത്തിൽ പങ്കെടുത്ത മൂന്നു ഡസനോളം മലയാളികൾക്ക് അനർഘ നിമിഷങ്ങളാണ് അന്നേദിവസം സമ്മാനിച്ചത്.

മലയാളികളുടെ പ്രത്യേക കഴിവുകളെ പ്രശംസിച്ചും ആരോഗ്യ മേഖലകളിലും, സ്റ്റേറ്റിന്റേയും സിറ്റിയുടെയും പ്രമുഖ സ്ഥാനങ്ങളിലും വിവിധ സേവന രംഗങ്ങളിലും മലയാളികളുടെ സാന്നിധ്യവും സേവനവും പ്രകീർത്തിച്ചും മലയാളി ആയതിൽ സ്വയം അഭിമാനിക്കുന്നു എന്ന് പ്രസ്താവിച്ചും കൊണ്ടാണ് മെയ് മാസം മലയാളി മാസമായി പ്രഖ്യാപിക്കണമെന്ന പ്രമേയം സെനറ്റർ സഭയിൽ അവതരിപ്പിച്ചത്. അത് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് അംഗങ്ങൾ ഒന്നടങ്കം പിന്താങ്ങി എല്ലാവരും എഴുന്നേറ്റു നിന്ന് പങ്കെടുത്ത മലയാളി സദസ്സിനെ സാക്ഷി നിർത്തി ഹർഷാരവത്തോടെ പ്രഖ്യാപിച്ചപ്പോൾ, വാസ്തവത്തിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും രോമാഞ്ചം ഉണ്ടാക്കിയ അപൂർവ്വ നിമിഷങ്ങളായിരുന്നു അത്.

ഏപ്രിൽ പത്തിന് സെനറ്റർ കെവിനിലൂടെ ന്യൂയോർക്ക് സ്റ്റേറ്റ് നിയമനിർമാണസഭ പാസ്സാക്കി പ്രഖ്യാപനത്തിനായി സ്റ്റേറ്റ് ഗവർണ്ണർ കാത്തി ഹോക്കിളിനു കൊടുത്ത പ്രമേയത്തിൽ (ലെജിസ്ലേറ്റീവ് റെസൊല്യൂഷൻ) പറഞ്ഞിരിക്കുന്നത് “2023 മെയ് മാസം മലയാളീ പൈതൃക (ഹെറിറ്റേജ്) മാസമായി പ്രഖ്യാപിക്കുന്നതിനായി ഗവർണ്ണർ കാത്തി ഹൊക്കുൾ താത്പര്യപ്പെടണം” എന്നാണ്. വ്യത്യസ്ത ഭാഷാ വംശജരായ മലയാളീ സമൂഹം ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ളവരാണ്. ദ്രാവിഡൻ ഭാഷയായ മലയാള ഭാഷ സംസാരിക്കുന്ന ഈ വംശജർ ധാരാളമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി കുടിയേറി പാർക്കുന്നു. 2012 -ലെ സെൻസസ് അനുസരിച്ച് അമേരിക്കയിൽ ആകെ 644,097 മലയാളികൾ കുടിയേറിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അവരിൽ ഏറ്റവും അധികം പേരും പാർക്കുന്നത് ന്യൂജേഴ്സിയിലെ ബെർഗെൻ കൗണ്ടിയിലും ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിലും ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രസ്തുത വംശജരുടെ ഈ രാജ്യത്തിനുള്ള സംഭാവനകൾ കണക്കിലെടുത്തും ന്യൂയോർക്കിലുള്ളവരുടെയും അമേരിക്കക്കാരുടെയും നല്ല ഭാവിക്കായി മലയാളികളുടെ പ്രവർത്തനങ്ങൾ മാനിച്ചുകൊണ്ടും 2023 മെയ് മാസം ന്യൂയോർക്ക് സംസ്ഥാനത്ത് മലയാളികളുടെ മാസമായി പ്രഖ്യാപിക്കുവാനാണ് നിയമനിർമ്മാണ സഭ ഗവർണറോട് ആവശ്യപ്പെട്ടത്‌. അതിനുള്ള ഗവർണറുടെ പ്രഖ്യാപനത്തിനാണ് കുറേ മലയാളികൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

മലങ്കര ആർച്ച് ഡിയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് ഇൻ നോർത്ത് അമേരിക്കയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തൂസ് എൽദോ (Archbishop H.E. Mor Titus Yeldo) തിരുമേനിയുടെ ന്യൂയോർക്ക് സെനറ്റ് ഹാളിനുള്ളിലെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാർഥനയും എല്ലാ ഭരണാധികാരികളോടും പ്രത്യേകിച്ച് ഗവർണർ കാത്തിയോടും സെനറ്റർ കെവിനോടുമുള്ള മലയാളീ സമൂഹത്തിന്റെ കടപ്പാടും നന്ദിയും പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രാരംഭ പ്രസ്താവനയും എല്ലാ മലയാളികൾക്കും അഭിമാനം നൽകിയ മുഹൂർത്തനങ്ങളായിരുന്നു. സെനറ്റർ കെവിന് വേണ്ടി മലയാളികളെ സംഘടിപ്പിച്ച് സെനറ്റ് ഹാളിൽ എത്തിച്ച അജിത് എബ്രഹാം, ഗവർണറുടെ ഏഷ്യൻ കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടർ ബഫലോയിൽ നിന്നുള്ള സിബു നായർ എന്നിവർക്കും, വിവിധ മലയാളി സംഘടനകളുടെ ഭഹരവാഹികൾക്കും കെവിൻ തന്റെ പ്രസംഗത്തിൽ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INANY) പ്രസിഡൻറ് ഡോ. അന്നാ ജോർജ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ പ്രസിഡൻറ് ലീല മാരേട്ട്, കലാവേദി സംഘടനയുടെ ചെയർമാൻ സിബി ഡേവിഡ്, വൈസ്‌മെൻ ഇന്റർനാഷണൽ റീജിയണൽ ഡയറക്ടർ കോരസൺ വർഗ്ഗീസ്, മാധ്യമ പ്രവർത്തകനും സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻറെ ജോയിന്റ് സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, കേരളാ കൾച്ചറൽ അസ്സോസിയേഷൻ്റെ മുൻ പ്രസിഡൻറ് റെജി കുരിയൻ, എഫ് ബീമാ (F-BIMA) ജനറൽ സെക്രട്ടറി മേരി ഫിലിപ്പ്, നേഴ്സസ് അസോസിയേഷൻ കമ്മറ്റി അംഗം ഏലിയാമ്മ അപ്പുകുട്ടൻ, വേൾഡ് യോഗ കമ്മ്യൂണിറ്റി ചെയർമാൻ ഗുരുജി ദിലീപ്‌കുമാർ തങ്കപ്പൻ, കൊട്ടിലിയൻ റെസ്റ്റോറന്റ് ഉടമ തോമസ് തുടങ്ങിയവർ പങ്കെടുത്തവരിൽ ചിലർ മാത്രമാണ്. പ്രസ്തുത പരിപാടിയുടെ സംഘാടകനും സെനറ്റർ കെവിൻറെ ഉപദേശക സമിതി അംഗവും കൂടിയായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്) സിറ്റിയിലെ പ്രമുഖ ഐ.ടി. വിദഗ്ദ്ധനും നസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *