നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 280 കോടി ഉടൻ കർഷകർക്ക് വിതരണം ചെയ്യും

Spread the love

അനർഹമായി മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച വകയിൽ 7.8 കോടി പിഴയീടാക്കി.

നെല്ല് സംഭരിച്ച വകയിൽ പി.ആർ.എസ് വായ്പയിനത്തിൽ കർഷകർക്ക് 280 കോടി രൂപ രണ്ട് ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

സംസ്ഥാന സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ഒൻപത് ശതമാനം പലിശക്കാണ് എസ്.ബി.ഐയിൽ നിന്ന് സർക്കാർ 280 കോടി രൂപ വായ്പയെടുത്തത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തുക കർഷകരുടെ അക്കൗണ്ടിൽ ക്രഡിറ്റാകും. ഏപ്രിൽ മുതലുള്ള തുകയാണ് കർഷകർക്ക് നൽകാനുള്ളത്. മാർച്ച് വരെയുള്ള എല്ലാ തുകയും നൽകി കഴിഞ്ഞു. കനറാ ബാങ്കുമായും ഇതേ വിധം ധാരണാപത്രമനുസരിച്ച് ലഭ്യമാക്കിയ 280 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തിരുന്നു. പലിശ ഇനത്തിൽ എസ്.ബി.ഐയുമായി ധാരണയിലെത്താൻ താമസിച്ചതിനാലാണ് കർഷകർക്കുള്ള പണം വിതരണം വൈകിയതെന്ന് മന്ത്രി വ്യക്തമാക്കി.

2022 ഒക്ടോബറിൽ ആരംഭിച്ച ഓപ്പറേഷൻ യെല്ലൊ പദ്ധതിപ്രകാരം അനർഹമായി കൈവശം വെച്ച 144704 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്നും ആകെ 78,601,650 രൂപ പിഴ ഈടാക്കുകയും ചെയ്തു.

24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും ആണ് അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 84,501 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളും 2,71,748 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 6994 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,63,243 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,20,951 പിങ്ക് കാർഡുകളും 24,683 മഞ്ഞ എ.എ.വൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,45,634 മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകുകയും ചെയ്തു.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈനായി 52,85,926 അപേക്ഷകൾ ലഭിച്ചു. ഇതിൽ 52,67,127 അപേക്ഷകൾ തീർപ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 5147 പേർക്ക് പുതിയതായി കാർഡ് നൽകുകയും ചെയ്തു.

ഏപ്രിൽ മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ 21 പരാതികളാണ് ലഭിച്ചത്. പത്തോളം പരാതികൾ മുൻഗണനാ കാർഡിന് അപേക്ഷ സമർപ്പിച്ചതുമായും ബാക്കി റേഷൻ വിതരണം, സപ്ലൈകോ സേവനം എന്നിവ സംബന്ധിച്ചിട്ടുള്ളതായിരുന്നു. ഓരോന്നും പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *