എംവി ഗോവിന്ദനെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കോണ്‍ഗ്രസ് കത്തു നല്കി

Spread the love

പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കള്ള പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നും അത് കോണ്‍ഗ്രസിനെതിരേ കലാപം ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതും ആയതിനാല്‍ പ്രതിക്കെതിരേ സത്വര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്കി.

ഇന്ത്യന്‍ ശിക്ഷാനിയമം 153 (A), 499, 500, 129 (O), KP Act എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റങ്ങള്‍ ചെയ്തുവെന്നും അത് ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ സുധാകരന്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിലോ കോടതി വിചാരണയിലോ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ള പ്രതി കെ സുധാകരനെയും കെപിസിസിയേയും ഇകഴ്ത്തി കാണിക്കണമെന്നും മാനനഷ്ടം വരുത്തണമെന്നും കെപിസിസിക്കെതിരേ കലാപം നടത്തി നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടി പത്രസമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. ഈ കള്ള പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

പോക്‌സോ കേസില്‍ പോലീസ് അന്വേഷിച്ച് കോടതി വിചാരണ നടത്തി ശിക്ഷിച്ച മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ച സമയം, കെ സുധാകരന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടെന്നും മോന്‍സണ്‍ പ്രതിയായ വഞ്ചനാകേസില്‍ രണ്ടാം പ്രതിയായ കെ സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നും പാര്‍ട്ടി സെക്രട്ടറി 18.6.23ല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി സുബോധന്‍, ജിഎസ് ബാബു, പിഎം നിയാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *