നൈപുണ്യ പരിശീലനത്തിന് സി എസ് ആർ ഫണ്ട്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും അസാപ് കേരളയും ധാരണയായി

Spread the love

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും സംയുകതമായി പാർശ്വവൽകൃത വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിനായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനു ധാരണയായി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും മൽസ്യതൊഴിലാളി വിഭാഗത്തിലെ യുവജനങ്ങൾക്കുമായി സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന സമത്വ പദ്ധതിയുടെയും, എറണാകുളം ജില്ലയിലെ വനിതകൾക്കായി ആരംഭിക്കുന്ന ഷീ-സ്‌കിൽസ് പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിന്റെ അമ്പത് ലക്ഷം രൂപയുടെ സി.എസ് ആർ ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി നിർവഹിക്കുക.

കൊച്ചിൻ ഷിപ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെ പ്രസ്തുത പദ്ധതികളിലൂടെ ഒൻപതു തൊഴിലധിഷ്ഠിത പ്രോഗ്രാമുകളാണ് നടപ്പിലാക്കുക. പദ്ധതി പാർശ്വവൽകൃത വിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനത്തിനു ഊന്നൽ നൽകും. 15 വയസിനു മുകളിലുള്ള വനിതകൾക്കായി നടത്തുന്ന ഷീ സ്‌കിൽസ് പദ്ധതി എറണാകുളം ജില്ലയിൽ കേന്ദ്രീകരിച്ചായിരിക്കും നടപ്പാക്കുക. പദ്ധതിയിയുടെ ഭാഗമായി മെഡിക്കൽ കോഡിങ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹൗസ് കീപ്പിങ് അസ്സോസിയേറ്റ് എന്നീ നൈപുണ്യ കോഴ്സുകളാണ് ഉണ്ടാവുക.

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും മൽസ്യതൊഴിലാളി വിഭാഗത്തിലെ യുവജനങ്ങൾക്കുമായി നടത്തുന്ന സമത്വ പദ്ധതി കേരളത്തിലുടനീളം സംഘടിപ്പിക്കും. പ്രസ്തുത പദ്ധതിയിൽ ഓട്ടോമോട്ടീവ് സർവീസ് ടെക്‌നിഷ്യൻ, ഫിറ്റ്നസ് ട്രെയ്നർ, ജാവ, ലോജിസ്റ്റിക്, ജി.എസ്.ടി., മൊബൈൽ ഹാർഡ്‌വെയർ എന്നീ നൈപുണ്യ കോഴ്സുകളാണ് ഉണ്ടാവുക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ കൊച്ചിൻ ഷിപ്യാർഡ് സാങ്കേതിക വിഭാഗം ഡയറക്ടർ ബിജോയ് ഭാസ്കറും, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും തമ്മിൽ ധാരണാപത്രം കൈമാറി. അസാപ് കേരളയുടെ കരിക്കുലം ഫണ്ടിംഗ് ഡിവിഷൻ ഹെഡ് കമാൻഡർ വിനോദ് ശങ്കർ (റിട്ട.), കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ ഹെഡ് സമ്പത് കുമാർ പി.എൻ എന്നിവർ സംബന്ധിച്ചു.

ചിത്രം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ കൊച്ചിൻ ഷിപ്യാർഡ് സാങ്കേതിക വിഭാഗം ഡയറക്ടർ ബിജോയ് ഭാസ്കറും, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും തമ്മിൽ ധാരണാപത്രം കൈമാറുന്നു. അസാപ് കേരളയുടെ കരിക്കുലം ഫണ്ടിംഗ് ഡിവിഷൻ ഹെഡ് കമാൻഡർ വിനോദ് ശങ്കർ (റിട്ട.), കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ ഹെഡ് സമ്പത് കുമാർ പി.എൻ എന്നിവർ സമീപം.

ADARSH.R.C

Author

Leave a Reply

Your email address will not be published. Required fields are marked *