കൊച്ചിയിൽ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

Spread the love

കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി. എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.
കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കി വരുന്ന സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയിലൂടെ 42 സ്കൂളുകളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 8440 വിദ്യാർത്ഥികൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ഭാരത് പെട്രോളിയം കമ്പനിയുടെ സിഎസ്ആർ പിന്തുണയോടെയാണ് കഴിഞ്ഞ നാലു വർഷമായി പദ്ധതി നടപ്പിലാക്കി വരുന്നത്.
മട്ടാഞ്ചേരി ടി.ഡി.എൽ.പി.സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ രഘുറാം പൈ ജെ, എ.ഇ.ഒ എൻ സുധ, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എൻ വർഗീസ്, സ്കൂൾ മാനേജർ പി അവിനാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അക്ഷരദീപം പദ്ധതിയുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള അക്ഷരദീപം പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങ് ആഗസ്റ്റ് 5ന് നടക്കും. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ പ്രൊഫ.എം.കെ.സാനുമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. കെ. വി. തോമസ് മുഖ്യാഥിതിയാകും. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലത്തിലെ താമസക്കാരും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ 580 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *