ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത നിർമാണം ഗതാഗത തടസങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ചുകൊണ്ട് നടപ്പാക്കുന്നതിനുള്ള തീരുമാനമായി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അടിയന്തിരമായി കളക്ടറേറ്റിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. ജില്ല കളക്ടർ ഹരിത വി. കുമാറും യോഗത്തിൽ സംബന്ധിച്ചു.ലൈറ്റ് മോട്ടോർ വെഹിക്കിളുകളും നിശ്ചിത ഉയര പരിധിയിൽ വരുന്ന വാഹനങ്ങളും നിലവിലുള്ള വഴിയിലൂടെതന്നെ സഞ്ചരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിശ്ചിത ഉയരപരിധിയിൽ കൂടുതലുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സാഹചര്യത്തിൽ ദേശീയ പാതക്കിരുവശവുമുള്ള സമാന്തര റോഡുകളിലൂടെ കണ്ടെയ്‌നറുകളും ട്രെയിലറുകളും കടന്നു പോകുമോ എന്ന് പരിശോധിക്കാൻ ആഗസ്റ്റ് 22 ന് സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.ആർ.ടി.ഒ., പൊലീസ്, നാഷണൽ ഹൈവേ അതോറിറ്റി, വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.തുടർച്ചയായ രണ്ടു ദിവസം പരിശോധന നടത്തും. നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് 5.5 മീറ്ററിൽ ഇരുഭാഗങ്ങളിലും കൂടി പൊതു ഗതാഗതം അനുവദിക്കുമെന്ന് നിർമാണ കമ്പനി ചൂണ്ടിക്കാട്ടി. 4.5 മീറ്റർ ഉയരമുള്ള വാഹനങ്ങൾ വരെ ഈ പാതകളിലൂടെ കടന്നു പോകുന്നതിന് സാഹചര്യം ഒരുക്കാമെന്നും അതിനു മേലുള്ള ഹെവി വാഹനങ്ങൾ പൂർണ്ണമായും സമാന്തരമായി ഒരുക്കിയ വഴികളിലൂടെ തിരിച്ചുവിടാമെന്നും നിർമ്മാണ കമ്പനി അധികൃതർ പറഞ്ഞു. 28 മീറ്റർ വീതിയിലുള്ള സ്ഥലമാണ് നിർമ്മാണ പ്രവർത്തികൾക്കായി വിട്ടുനൽകിയിട്ടുള്ളത്. ഈ സ്ഥലത്ത് വേണം ഗതാഗതവും നിർമ്മാണ പ്രവർത്തികളും നടത്തേണ്ടത്.