മനുഷ്യരെ സംരക്ഷിക്കാത്ത വന്യജീവി സംരക്ഷണം കൊടും ക്രൂരത : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല കര്‍ഷക രക്ഷാവാരത്തിന് ആരംഭം കുറിച്ചു.

കോട്ടയം: വന്യജീവികള്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങി ജനവാസമേഖലയില്‍ മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുമ്പോഴും മുതലക്കണ്ണീര്‍ പൊഴിച്ച് ഒളിച്ചോട്ടം നടത്തുന്ന ഭരണനേതൃത്വങ്ങള്‍ മനുഷ്യമൃഗങ്ങള്‍ക്ക് തുല്യരെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവികളെ സംരക്ഷിക്കുവാന്‍ ജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന വനംവകുപ്പിന്റെ വന്യജീവി വാരാഘോഷം തട്ടിപ്പാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുമായി കേരളത്തിലെ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ നേതാക്കളും വനംവകുപ്പു സംവിധാനങ്ങളും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്ത സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം കാപട്യമാണ്. ഭരണനേതൃത്വങ്ങളുടെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ഈ നാടിന്റെ അസ്ഥിവാരം തകര്‍ക്കുന്നു. കടമെടുത്തു കൊള്ള നടത്തുവാനും, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാനും മാത്രമായി ഒരു ഭരണ സംവിധാനത്തിന്റെ ആവശ്യമുണ്ടോയെന്ന് ജനങ്ങള്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. റബര്‍ മേഖല നേരിടുന്ന വിലത്തകര്‍ച്ച വരുംനാളുകളില്‍ രൂക്ഷമാകും. പുത്തന്‍ വ്യാപാര കരാറുകള്‍ റബര്‍ മേഖലയെ കുത്തുപാളയെടിപ്പിക്കും. ആരും സംരക്ഷണമേകാനില്ലാത്തപ്പോള്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ തേടുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷക രക്ഷാവാരം സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘടനാ പ്രതിനിധികള്‍ കര്‍ഷക രക്ഷാ പ്രതിജ്ഞയെടുത്തു. എന്‍എഫ്ആര്‍പിഎസ് ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി കര്‍ഷക രക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ കര്‍ഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, വി.ജെ.ലാലി, റോജര്‍ സെബാസ്റ്റ്യന്‍, താഷ്‌കന്റ് പൈകട, മനു ജോസഫ്, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, സിറാജ് കൊടുവായൂര്‍, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ജോര്‍ജ് ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ബേബിച്ചന്‍ എര്‍ത്തയില്‍, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന്‍ ആന്റണി, പി.രവീന്ദ്രന്‍, ജിമ്മിച്ചന്‍ നടുച്ചിറ, വിദ്യാധരന്‍ സി.വി., അപ്പച്ചന്‍ ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, സജീഷ് കുത്താനൂര്‍, സജി പുതുമന, ജോസഫ് വടക്കേക്കര, എബ്രാഹം മുറേലി, ബാബു കുട്ടഞ്ചിറ, ബിജോയ് പ്ലാത്താനം എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ഒരാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ഷകരക്ഷാ പ്രതിജ്ഞയെടുക്കു ന്നതുമാണ്. വിവിധ കര്‍ഷക സംഘടനകളും യുവജനവിദ്യാര്‍ത്ഥി പ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളും പങ്കുചേരുമെന്ന് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്

കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തിലുള്ള കര്‍ഷക രക്ഷാവാരം സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കലക്ടറേറ്റു പടിക്കല്‍ സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ച് സംസാരിക്കുന്നു. പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജോര്‍ജ് ജോസഫ് വാതപ്പള്ളി, അഡ്വ: ബിനോയ് തോമസ്, മനു ജോസഫ്, വി.ജെ.ലാലി, ആയാംപറമ്പ് രാമചന്ദ്രന്‍ തുടങ്ങി വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ വേദിയില്‍.

അഡ്വ.ബിനോയ് തോമസ്

Author

Leave a Reply

Your email address will not be published. Required fields are marked *