കരിവെള്ളൂര്‍ മുരളി (കേരള സംഗീത നാടക അക്കാദമി സെക്രട്ടറി).
മലയാളത്തില്‍ പാട്ടുകളുടെ പുതുവസന്തം സൃഷ്ടിക്കുന്നതില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ച ഒട്ടേറെ പ്രതിഭകളുണ്ട്. കവികളും ഗാനരചയിതാക്കളും സംഗീതസംവിധായകരും ഗായകരും ഒക്കെയടങ്ങുന്ന ഒരു വലിയ നിര. അതിലെ പ്രഥമഗണനീയനായ ഗാനരചയിതാവ് പി.ഭാസ്‌കരന്‍മാസ്റ്റര്‍ 1992 ല്‍ നാഴിയുരിപ്പാല് എന്ന പേരില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സമാഹാരമായി പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ ആമുഖത്തില്‍ വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്.
” അന്നത്തെ മലയാള നാടകവേദി മിക്കവാറും തമിഴ് നാടകങ്ങളുടെ ചുവടുപിടിച്ച് കീര്‍ത്തനങ്ങളും ചവിട്ട് ഹാര്‍മ്മോണിയവും സപ്തസ്വരക്കസര്‍ത്തുമായി പരിലസിക്കുന്ന കാലമായിരുന്നു. അതും ജീവിതസ്പര്‍ശികളല്ലാത്ത നാടകങ്ങള്‍. കഥകളിപ്പാട്ടുകളും മറ്റും ബഹുജനസംഗീതത്തിന്റെ അംശങ്ങളായിരുന്നില്ല. നാടന്‍പാട്ടുകള്‍ മിക്കവാറും അധ:സ്ഥിതരായിരുന്ന ഒരു വിഭാഗത്തിന്റെ മാത്രം സാംസ്‌കാരിക സമ്പത്തായി വയലേലകളിലും തെങ്ങിന്‍പറമ്പുകളിലും തങ്ങിനിന്നു. ചുരുക്കിപ്പറഞ്ഞാല്‍ മലയാളിക്കു പാടുവാന്‍ ലളിതഗാനങ്ങളോ ദേശീയപ്രവര്‍ത്തകര്‍ക്കും വിപ്ലവപ്രവര്‍ത്തകര്‍ക്കും വീര്യമുള്‍ക്കൊണ്ടുകൊണ്ട് ആലപിക്കുവാന്‍ സമരഗാനങ്ങളോ ഉണ്ടായിരുന്നില്ല. ആ പശ്ചാത്തലത്തില്‍ കാലഘട്ടത്തിന്റെ ചരിത്രപരമായ ഒരാവശ്യം എന്നെക്കൊണ്ട് പാട്ടുകള്‍ എഴുതിച്ചതാണെന്ന് പറയാം.”1940 കള്‍ക്ക് മുമ്പുള്ള മലയാളഗാനശാഖയ്ക്ക് മൊത്തമായുള്ള ഒരു മുഖവുര കൂടിയാണ് ഭാസ്‌കരന്‍ മാസ്റ്ററുടെ വാക്കുകള്‍. കര്‍ണ്ണാട്ടിക് സംഗീതത്തിലെ കീര്‍ത്തനങ്ങളും രാഗവിസ്താരങ്ങളുമല്ലാതെ നാടന്‍ പാട്ടുകളും അജ്ഞാത കര്‍ത്തൃകമായ പാട്ടുകളും തോറ്റങ്ങളും മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. അതിന് മാറ്റം വന്നു തുടങ്ങിയത് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ പ്രക്ഷോഭവും ശക്തിപ്പെട്ടു തുടങ്ങിയ ഇരുപതുകളിലും മുപ്പതുകളിലും മറ്റുമാണ്. ഇന്ത്യയൊട്ടാകെ വ്യത്യസ്ത മത ജാതി ഭാഷാ സമൂഹങ്ങളായി ശകലീകൃതമായി കിടന്ന ഒരു സമൂഹത്തെ ദേശീയ സ്വാതന്ത്ര്യ ബോധത്തിലേക്ക് നയിക്കുവാന്‍ പോന്ന ഉജ്ജ്വല സമരഗാഥകളും ഗീതങ്ങളും പലഭാഷകളിലായി പിറന്നു കൊണ്ടിരുന്നു. ഇഖ്ബാലിന്റെ ‘ സാരേ ജഹാം സെ അച്ഛാ, ഹിന്ദുസ്താന്‍ ഹമാരാ’ ഭാരതിയാരുടെ ‘പാര്ക്കുള്ളേ നല്ല നാട് എങ്കള്‍ ഭാരത നാട് ‘വള്ളത്തോളിന്റെ ‘പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ‘ബോധേശ്വരന്റെ ‘ജയ ജയ കോമള കേരള ധരണി’ അംശി നാരായണപിള്ളയുടെ ‘ വരിക വരിക സഹജരേ,സഹന സമര സമയമായ് ‘ വിദ്വാന്‍ പി കേളു നായരുടെ ‘സ്മരിപ്പിന്‍ ഭാരതീയരേ, നമിപ്പിന്‍ മാതൃഭൂമിയെ ‘ തുടങ്ങി പുതിയ താളത്തിലും ഈണത്തിലും ഭാഷയിലും വിരളമെങ്കിലും ചില പാട്ടുകള്‍ വെളിച്ചം കണ്ടുകൊണ്ടിരുന്നു. ഈ പാതയിലാണ് നാല്പതുകളുടെ തുടക്കത്തില്‍ ‘പദം പദം ഉറച്ചു നാം പാടിപ്പാടിപ്പോവുക, പാരില്‍ ഐക്യകേരളത്തിന്‍ കാഹളം മുഴക്കുവാന്‍’ എന്ന ഭാസ്‌കരന്‍ മാസ്റ്ററുടെ ഐക്യകേരളഗാനവും പിറക്കുന്നത്. തമിഴ് – മലയാളം സംഗീത നാടകങ്ങളിലെ അര്‍ദ്ധശാസ്ത്രീയഗാനങ്ങളുടെ കാതടപ്പിക്കുന്ന ആലാപനങ്ങള്‍ക്കിടയില്‍ ജനതയുടെ പുരോഗമന ജീവിതവാഞ്ഛകളുടെ പ്രതിഫലനമെന്നോണം വാക്കുകളിലും സംഗീതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ ജനകീയമായ സംഗീതത്തിന്റെ പിറവിക്ക് കാലം കാതോര്‍ക്കുകയായിരുന്നു.
1940കളുടെ ആരംഭവര്‍ഷങ്ങളില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) രൂപവല്‍ക്കരണം നാടകവേദിയില്‍ മാത്രമല്ല, ജനകീയ സംഗീതരംഗത്തും സവിശേഷമായ ചലനങ്ങളുണ്ടാക്കി. ‘യേ വക്ത് കി ആവാസ് ഹേ മില്‍കെ ചലോ’ തുടങ്ങിയ ദേശീയ ഗീതങ്ങളിലൂടെ പ്രസിദ്ധനായ പ്രേം ധവാനെപ്പോലുള്ളവരും സലില്‍ ചൗധരിയും മാത്രമല്ല കെ.എല്‍.സൈഗാളിനെപ്പോലെ അന്നത്തെ പ്രശസ്തരായ ഗായകരുമെല്ലാം കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അണിനിരന്ന ഒരു കാലമായിരുന്നു അത്. അതിന്റെ സര്‍ഗാത്മക സ്വാധീനത്തില്‍പ്പെട്ടവരായിരുന്നു ഒ എന്‍ വിയെയും ദേവരാജനെയും പോലുള്ളവര്‍. 1952 ലാണ് ഇപ്റ്റയുടെ ചുവട് പിടിച്ച് കെ.പി.എ.സി രൂപം കൊള്ളുന്നത്. തിരുവനന്തപുരത്തെ സി പി സത്രത്തില്‍ വെച്ച് കെ.ജനാര്‍ദ്ദനക്കുറുപ്പിന്റെയും രാജഗോപാലന്‍ നായരുടെയും ശ്രീനാരായണപ്പിള്ളയുടെയും മറ്റും നേതൃത്വത്തില്‍ പിറവികൊണ്ട കെപിഎസി യുടെ ആദ്യ നാടകപരിശ്രമമാണ് ‘എന്റെ മകനാണ് ശരി’. അതിലെ പാട്ടുകള്‍ എഴുതിയത് പുനലൂര്‍ ബാലന്‍. നാടന്‍ പാട്ടുകളുടെ ഈണത്തില്‍ തയ്യാറാക്കിയ പാട്ടുകള്‍ക്ക് പ്രത്യേകിച്ച് ഒരു സംഗീതസംവിധായകനൊന്നും ഉണ്ടായിരുന്നില്ല.
ചരിത്രം സൃഷ്ടിച്ച പാട്ട്ചരിത്രം സൃഷ്ടിച്ച അടുത്ത നാടകം ‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’. സത്യത്തില്‍ പിന്നീട് നാം കേള്‍ക്കുന്ന എല്ലാ പാട്ടുകള്‍ക്കും തുടക്കം കുറിക്കുന്ന ഒരു പാട്ടുണ്ട് കമ്മ്യുണിസ്റ്റാക്കിയില്‍. അത് നാടകത്തിനുവേണ്ടി എഴുതിയതായിരുന്നില്ല. 1948 ല്‍ കൊല്ലം എസ് എന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്ന ഒ എന്‍ വി കുറുപ്പ് എഴുതിയ ‘ഇരുളില്‍ നിന്നൊരു ഗാനം’ എന്ന കവിതയായിരുന്നു അത്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഡിറ്ററായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പത്രത്തില്‍ അത് അച്ചടിച്ചുവന്നത് നാലുവര്‍ഷം കഴിഞ്ഞാണ്. ദേവരാജന്‍ അതിന് സംഗീതം നല്‍കി പാടിയതോടെയാണ് ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ ‘എന്ന പ്രശസ്തമായ ഗാനം ജനിച്ചത്. പൊന്നരിവാള്‍ പിന്നീട് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി നാടകത്തില്‍ കൂട്ടിച്ചേര്‍ത്ത പാട്ടാണ്. പക്ഷേ ആ പാട്ടിന് ഒരു ചരിത്രദൗത്യമുണ്ട്. പില്‍ക്കാലത്ത് നാം കേട്ടുകൊണ്ടിരുന്ന നാടക- സിനിമാഗാനങ്ങളുടെയെല്ലാം മാതൃക ആദ്യമായി സൃഷ്ടിച്ചത് ‘പൊന്നരിവാള്‍’ ആണ്.
ഒ.എന്‍.വി രചനയും ദേവരാജന്‍ സംഗീതവും നല്‍കി കെ.എസ് ജോര്‍ജും കെപിഎസി സുലോചനയും സംഘവും ചേര്‍ന്നുപാടിയ 26 പാട്ടുകള്‍ ഉണ്ടായിരുന്നു നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കിയില്‍. ‘ദീപങ്ങള്‍ മങ്ങി കൂരിരുള്‍ തിങ്ങി’ എന്ന അവതരണഗാനം മുതല്‍ മിക്കപാട്ടുകളും ഇപ്പോഴും ജനഹൃദയങ്ങളില്‍ മുദ്രിതമാണ്. ‘നീലക്കുരുവി നീലക്കുരുവി നീയൊരു കാര്യം ചൊല്ലുമോ’, ‘മൂളിപ്പാട്ടുമായ് തമ്പ്രാന്‍ വരുമ്പം ചൂളാതങ്ങനെ നില്ലെടീ പെണ്ണെ’ , ‘ഇന്നലെ നാട്ടൊരു ഞാറുകളെല്ലാം പുന്നെല്‍ക്കതിരിന്റെ പൊല്‍ക്കുടം ചൂടി’, ‘പൊന്നരിവാളമ്പിളിയില് ‘,’വെള്ളാരംകുന്നിലെ പൊന്മുളം കാട്ടിലെ’ തുടങ്ങിയവ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ജീവിതഗന്ധിയായ പാട്ടുകള്‍എന്താണ് ഈ പാട്ടുകളുടെ പൊതുവായ സവിശേഷത? രചനയിലും സംഗീതത്തിലും പുലര്‍ത്തുന്ന പച്ചയായ ജീവിതഗന്ധവും ബന്ധവുമാണത്. രാജാക്കന്മാരും രാജ്ഞിമാരും ദേവന്മാരും ദേവികളും നിറഞ്ഞാടിയ പുരാണസംഗീത നാടകങ്ങളില്‍ സംസ്‌കൃതജടിലമായ വാക്കുകളും കര്‍ണ്ണാട്ടിക് സംഗീതത്തിലെ രാഗവിസ്താരങ്ങളും കേട്ടുമടുത്ത ജനങ്ങള്‍ക്കിടയിലേക്ക് അമ്പതുകളുടെ ആരംഭത്തില്‍ നാട്ടുമലയാളവും ഗ്രാമ്യപദങ്ങളും അതിന്റെ നാട്ടുവഴക്കങ്ങളും നാടന്‍ പാട്ടുകളുടെ കേട്ടുമറന്ന ഈണങ്ങളുമായി നാടകഗാന ശാഖ പച്ചച്ചു തെഴുത്തു വളരുകയായിരുന്നു. മുനികന്യക മാന്‍പേടയില്‍ നിന്നോ മാന്‍പേട മുനികന്യകയില്‍ നിന്നോ എന്ന സന്ദേഹത്തിന് പ്രസക്തിയില്ല. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തൊട്ടുള്ള നാടകങ്ങളിലെ പാട്ടിന്റെ പാതയില്‍ കൂടിയാണ് പില്‍ക്കാലത്തെ നമ്മുടെ ചലച്ചിത്രഗാനങ്ങളും സഞ്ചരിച്ചത്. അതിന് തുടക്കം കുറിച്ച പൊന്നരിവാളമ്പിളിയില് ഒരേ സമയം പ്രണയഗാനമാണ് എന്നതുപോലെ വിപ്ലവ ഗാനവുമാണ്.”പാടുകയാണെന്‍ കരള്‍ , പോരാടുമെന്‍ കരങ്ങള്‍” എന്ന് പ്രണയവും വിപ്ലവവും ഓരോ ചില്ലയിലായി പൂത്തു നില്‍ക്കുന്ന ഒരു പൂമരമാണ് ആ പാട്ട്. പ്രണയത്തില്‍ പോലും ശൈശവ തുല്യമായ നിഷ്‌ക്കളങ്കത, കൗമാരത്തിന്റെ കുസൃതി എന്നിവ വാക്കുകളില്‍ മാത്രമല്ല, സംഗീതത്തിലുമുണ്ട്.
അമ്പതുകള്‍ എന്ന ജനകീയകലയുടെ അരുണാഭ വസന്തകാലത്താണ് സിനിമയിലും നാടകത്തിലെന്നതുപോലെ മികച്ച പാട്ടുകള്‍ ഉണ്ടാകുന്നത്. അതിന്റെ പ്രചോദനം മറ്റെവിടെ നിന്നുമല്ല. കെ.പി.എ.സിയില്‍ നിന്നും കമ്യൂണിസ്റ്റാക്കിയില്‍ നിന്നുമൊക്കെയാണ്. മുടിയനായ പുത്രന്‍, സര്‍വ്വേക്കല്ല് , പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ തുടങ്ങിയ കെ.പി.എ.സി നാടകങ്ങളും പാട്ടിന്റെ പൂമരക്കാറ്റ് പെയ്തവയാണ്. 1962 ല്‍ തുടക്കം കുറിക്കുന്ന കൊല്ലത്തെ കാളിദാസകലാ കേന്ദ്രം ഒരര്‍ഥത്തില്‍ കെ.പി.എ.സിയുടെ ഒരു ഇടര്‍ച്ചയും തുടര്‍ച്ചയുമാണ്. ഡോക്ടര്‍, ജനനീ ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ നമ്മുടെ നാടകഗാനശാഖയുടെ ആദ്യപിതാക്കളായ ഒ.എന്‍.വിയും ദേവരാജനും തന്നെയാണ് കാളിദാസ ഗാനങ്ങളുടെയും പെരുമഴയ്ക്ക് തുടക്കം കുറിച്ചത്. കോട്ടയം കേരള തീയറ്റേഴ്സ്, (കതിരു കാണാക്കിളി, വിശറിക്കു കാറ്റു വേണ്ട )എറണാകുളം പ്രതിഭാ ആര്‍ട്സ് ക്ലബ്ബ് (മൂലധനം, കാക്കപ്പൊന്ന്)തുടങ്ങിയ നാടകസംഘങ്ങളും മലയാളികള്‍ക്ക് നാടകങ്ങളിലൂടെ മികച്ച പാട്ടുകള്‍ പകര്‍ന്നു നല്‍കി. ഒപ്പം ചെറുകാടിന്റെ നമ്മളൊന്ന് നാടകവും. 1948 ല്‍ തന്നെ നമ്മളൊന്ന് നാടകം അവതരിപ്പിച്ചു തുടങ്ങി. പൊന്‍കുന്നം ദാമോദരനാണ് ഗാനരചന. ഒപ്പം വയലാറും. സംഗീതം പി.കെ. ശിവദാസും ബാബുരാജും. ഇരുനാഴി മണ്ണിന്നായ് ഉരുകുന്ന കര്‍ഷകന്‍,പച്ചപ്പനന്തത്തേ, പുന്നാരപ്പൂമുത്തേ തുടങ്ങിയ ജനലക്ഷങ്ങളുടെ മനസ്സു കവര്‍ന്ന പാട്ടുകളൊന്നും ആരും മറന്നിട്ടില്ല. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ എന്ന രാമു കാര്യാട്ട് – പി.ഭാസ്‌കരന്‍ സിനിമയില്‍ കെ.രാഘവന്‍ മാസ്റ്റര്‍ ഒരുക്കിയ പാട്ടുകളുടെ പ്രധാന സ്വാധീനം മലയാള നാടക ഗാനശാഖയുടേതാണ് എന്ന് അദ്ദേഹം തന്നെ ഞാനുമായി നടത്തിയ ഒരു ടി.വി. ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്.ഒ.എന്‍.വി, ദേവരാജന്‍, വയലാര്‍, എല്‍.പി.ആര്‍. വര്‍മ്മ, പി.ഭാസ്‌കരന്‍, ബാബുരാജ്, പൊന്‍കുന്നം ദാമോദരന്‍ തുടങ്ങിയവരൊക്കെ നാടകത്തിലും സിനിമയിലും ഒരുപോലെ ഈ ജനകീയ സംഗീതധാരയെ ശക്തിപ്പെടുത്തിയ പ്രതിഭകളാണ്.