ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മദ്ധ്യമേഖലയിലെ 3982 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 363 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 1572500 രൂപ പിഴ ഈടാക്കി.
അളവു തൂക്ക നിയമ പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക്സ് ഉപകരണ വില്പന കേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 268 കേസുകളും, അമിതവില ഈടാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നാലു കേസുകളും, പാക്കറ്റ് രജിസ്ട്രേഷന് ഇല്ലാത്തതു സംബന്ധിച്ച് 41 കേസുകളും അളവില്‍/തൂക്കത്തില്‍ കുറവു വരുത്തിയതിനു 15 കേസുകളും മറ്റു അളവു തൂക്ക നിയമലംഘനങ്ങള്‍ സംബന്ധിച്ച് 75 കേസുകളുമെടുത്തു.
ഈ സ്ഥാപനങ്ങളില്‍ നിന്നും 15,72500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി ലീഗല്‍ മെട്രോളജി വകുപ്പ് മദ്ധ്യമേഖല ജോയിന്റ്റ് കണ്ട്രോളര് രാജേഷ് സാം അറിയിച്ചു. മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക. അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്കു ചെയ്ത തീയതി, ഉല്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്്പന വില, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ- മെയില്‍ ഐഡി എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്്പന നടത്തുക, എംആര്‍പിയേക്കാള്‍ അധിക വില ഈടാക്കുക, എംആര്‍പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് പരിശോധന ആരംഭിച്ചത്.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ വിനോദ് കമാര് ഇ. നിഷാദ് കെ ഡി, ബിമല്‍ എസ്, സഫിയ എം. എന്നിവര്‍ എറണാകുളം ജില്ലയിലും മനോജ് കുമാര്‍ എസ് വി, തൃശൂര്‍ ജില്ലയിലും, സേവ്യര്‍ പി ഇഗ്നേഷ്യസ്, ശശികല എ സി, എന്നിവര്‍ പാലക്കാട് ജില്ലയിലും, മേരി ഫാന്‍സി പി എക്സ്, ഉദയന്‍ കെ.കെ എന്നിവര്‍ ഇടുക്കി ജില്ലയിലും നടന്ന പരിശോധനകള്‍ക്ക് നേതൃത്വം നല്കി.