മുനമ്പത്ത് വര്‍ഗീയതയക്ക് മുഖ്യമന്ത്രി കളമൊരുക്കി സിപിഎമ്മിന്റേത് ന്യൂനപക്ഷങ്ങളെ ചതിച്ച ചരിത്രം : കെ സുധാകരന്‍ എംപി

Spread the love

ചേലക്കര മാത്രമല്ല വയനാടും പാലക്കാടും പിടിക്കുമെന്നതു കോണ്‍ഗ്രസിന്റെ ഉറപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചേലക്കര പിടിക്കുമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുന്‍മന്ത്രി കെ രാധാകൃഷ്ണനെ ചേലക്കരയില്‍നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുമാത്രം മതി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിന് പാട്ടുംപാടി ജയിക്കാന്‍. ചരിത്രത്തിലാദ്യമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭ കേരളത്തിലുണ്ടാത്.പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യും. ഇതോടൊപ്പമാണ് പിണറായി സര്‍ക്കാരിനെതിരേയുള്ള ആളിക്കത്തുന്ന ജനവികാരം.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്നു സിപിഎം പറയുന്നതു കേട്ടാല്‍ ഇപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വയ്ക്കും. സിപിഎമ്മിനെ ആര്‍എസ്എസിന്റെ ആലയത്തില്‍ കൊണ്ടുപോയി കെട്ടിയ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ഐഎഎസുകാര്‍ ആര്‍എസ്എസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ട് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി പല വട്ടം ചര്‍ച്ച നടത്തിയിട്ടും ശക്തമായ നടപടിയില്ല. പോലീസില്‍ ആര്‍എസ്എസിന്റെ സ്ലീപ്പിംഗ് സെല്‍ ഉണ്ടെന്ന് ആരോപിച്ചത് സിപിഐ നേതാവ് ആനി രാജയാണ്. കുഴല്‍പ്പണക്കേസില്‍ ബിജെപിയെ രക്ഷിച്ചെടുക്കുകയും അവരുമായി മുഖ്യമന്ത്രി പലവട്ടം നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തു. സ്വര്‍ണക്കടത്ത് മലപ്പുറം ജില്ലയുടെ തലയില്‍ കെട്ടിവച്ചു. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ സംരക്ഷണം.

മുനമ്പം വിഷയം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരും ബിജെപിയുമാണ്. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിഷയം ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിക്കാന്‍ തയാറായത്. അതും ഉപതെരഞ്ഞെടുപ്പിനു ശേഷം. ഇതിന്റെ മറവില്‍ നാലോട്ടു കിട്ടിയാല്‍ അത്രയുമായി എന്ന വില കുറഞ്ഞ നിലപാടുമൂലമാണ് ഉന്നതതലയോഗം ഉപതെരഞ്ഞെടുപ്പിനുശേഷം മതി എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടും ഇതു തന്നെയാണ്.

കേരളീയ പൊതുസമൂഹവും പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹ്യ സംഘടകളുമെല്ലാം ഈ വിഷയത്തില്‍ സമാനമായ നിലപാട് സ്വീകരിച്ചപ്പോള്‍ അതില്‍നിന്നു മാറിനിന്ന് എരിതീയില്‍ എണ്ണയൊഴിക്കുന്നത് ബിജെപിയാണ്. അവരുടെ ലക്ഷ്യവും വോട്ടുതന്നെ. വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ വഴിവെട്ടുകയാണിപ്പോള്‍. ബിജെപിയെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ മുഖ്യമന്ത്രി മുനമ്പത്തും ജാഗ്രത പാലിക്കുന്നു.

സര്‍ക്കാരിന്റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വര്‍ഗീയത പിടിമുറുക്കുന്ന സാഹചര്യമാണുള്ളത്. ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് കടന്നുകയറാനുള്ള പാലമായി ബിജെപി മുനമ്പത്തെ ഉപയോഗിക്കുന്നു. 614 കുടുംബങ്ങള്‍ ഒരു കാരണവശാലും പെരുവഴിയിലാകരുത്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് സീറോ മലബാര്‍ സഭയും ലത്തീന്‍ സഭയും സമരക്കാരോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുന്നത്.ന്യായമായ ഈ സമരം അനിശ്ചിതമായി നീണ്ടു പോകാനിടയാകാതെ തൃപ്തികരമായ പരിഹാരം ഉടനെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണം. വര്‍ഗീയ ധൃവീകരണത്തിന് അവസരം നല്കരുത്. മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം സര്‍ക്കാര്‍ കണ്ടെത്തണം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകും. മുനമ്പം വിഷയത്തില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി നടത്തുന്ന പരാമര്‍ശങ്ങളെ അപലപിക്കുന്നു. ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സംയമനത്തോടെ പെരുമാറുകയും സംസാരിക്കുകയും വേണം.

മുനമ്പത്തേത് വക്കഫ് ഭൂമിയല്ലെന്നും കൈവശക്കാര്‍ക്ക് കരം അടയ്ക്കാന്‍ അനുമതി നല്കണം എന്നതുമാണ് കോണ്‍ഗ്രസിന്റെ വ്യക്തമായ നിലപാട്. വഖഫ് ബോര്‍ഡിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയാല്‍ തീരാനുള്ള വിഷയങ്ങള്‍ മാത്രമേയുള്ളു. വഖഫ് ബോര്‍ഡ് സര്‍ക്കാരിന്റെ സ്ഥാപനമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *