പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. (11/11/2024).
കാപട്യമേ നിന്റെ പേരോ സി.പി.എം? പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സീ പ്ലെയിന്‍ കൊണ്ടുവന്നപ്പോള്‍ അനുവദിക്കാതിരുന്നവരാണ് ഇന്ന് സിപ്ലെയിന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരായി നടിക്കുന്നത്; ചിറ്റൂരില്‍ പിടിച്ചെടുത്ത സ്പിര്റ്റിന്റെ ഉടമകള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍; നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാഹുലിന്റെ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിലാകും; ചേലക്കര അയ്യായിരത്തില്‍ താഴെ വോട്ടിന് യു.ഡി.എഫ് പിടിച്ചെടുക്കും; സി.പി.എം- ബി.ജെ.പി ഡീലില്‍ അംഗമല്ലാത്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്യും.
കോഴിക്കോട് : പൊലീസില്‍ ആര്.എസ്.എസിന്റെ കടന്നുകയറ്റമെന്നു പറഞ്ഞ സി.പി.ഐ നേതാവ് ആനിരാജയെ ഇവര്‍ അപമാനിച്ചു. സിവില്‍ സര്‍വീസിലും ഈ ശക്തികളുടെ കടന്നുകയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുമ്പോള്‍ സിവില്‍ സര്‍വീസില്‍ അച്ചടക്കം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അച്ചടക്കം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാര്‍ ഇല്ലായ്മ. സര്‍ക്കാരിന്റെ സാന്നിധ്യം പോലുമില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ്. അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയതും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതും. സി.പി.എമ്മിന് കാപട്യമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് പറയുമ്പോഴാണ് പാര്‍ട്ടി ഗ്രാമത്തില്‍ പ്രതിയെ സി.പി.എം ഒളിപ്പിച്ചത്. എം.വി ഗോവിന്ദന് സ്വന്തം സഹധര്‍മ്മിണിയെ വിട്ടാണ് ജയിലില്‍ നിന്നും ഇറങ്ങിയ പ്രതിയെ സ്വീകരിച്ചത്. കാപട്യമെ നിന്റെ പേരാണോ സി.പി.എം എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സി.പി.എം.
കേരളത്തില്‍ ആദ്യമായി സീപ്ലെയിന്‍ കൊണ്ടുവരുന്നതിന്റെ പിതാക്കന്മാര് എന്നാണ് ടൂറിസം വകുപ്പ് ഇപ്പോള്‍ നടിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അനുവദിക്കില്ലെന്നുമാണ് സി.പി.എം പറഞ്ഞത്. ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന സി.പി.എമ്മിന്റെ നടപടി കാപട്യമാണ്. സി.പി.എമ്മിന്റെ മുഖമുദ്ര തന്നെ കാപട്യമാണ്.
പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്ത് വരും. മൂന്നാം സ്ഥാനത്ത് വരുമെന്ന് ഉറപ്പിച്ചിട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. കുഴല്‍പ്പണ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നാണംകെട്ട് നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസും കുഴല്‍പ്പണക്കാരാണെന്നു വരുത്തി തീര്‍ക്കാന്‍ മന്ത്രി എം.ബി രാജേഷ് ശ്രമിച്ചത്. എം.ബി രാജേഷ് ഫോണില്‍ വിളിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെയും വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെയും അര്‍ദ്ധരാത്രിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡിന് എത്തിയത്. വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്താന്‍ ഫോണില്‍ നിര്‍ദ്ദേശം നല്കുന്ന മന്ത്രിമാരുള്ളനാടാണ് കേരളം. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ബാന്ധവം വ്യക്തമായിരിക്കുകയാണ്. തൃശൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുവന്നൂരും എസ്.എഫ്.ഐ.ഒയുമൊക്കെ എവിടെ പോയി?
പാതിരാ നാടകത്തിനും ട്രോളി നാടകത്തിനും ശേഷം എം.ബി രാജേഷും അളിയനും അവതരിപ്പിക്കുന്ന മൂന്നാമത്തെ നാടകമാണ് സ്പിരറ്റ് പിടിച്ചത്. ആരുടേതായിരുന്നു ആ സ്പിരിറ്റ്? പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് എം.ബി രാജേഷിനെ വെല്ലുവിളിച്ചല്ലോ? സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേതായിരുന്നു സ്പിരിറ്റ്. സ്പിരിറ്റുമായി പിടിക്കപ്പെട്ടയാള്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല. അയാള്‍ വാടകയ്ക്ക് എടുത്ത കൊടുത്ത സ്ഥലത്താണ് സ്പിറ്റ് സൂക്ഷിച്ചിരുന്നത്. സ്ഥലം വാടകയ്ക്ക് എടുത്ത് കൊടുത്ത ആളെയാണ് അറസ്റ്റു ചെയ്തത്. സ്പിരിറ്റ് അവിടേക്ക് കൊണ്ടുവന്നത് സി.പി.എമ്മിന്റെ രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മന്ത്രി എം.ബി രാജേഷ് ഏത് നാടകം കൊണ്ടുവന്നാലും അത് സി.പി.എമ്മിനു തന്നെ തിരിച്ചടിക്കും. ഇതേക്കുറിച്ച് അന്വേഷിച്ചാല്‍ സി.പി.എമ്മുകാരാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്ന് വ്യക്തമാകും. മന്ത്രി എം.ബി രാജേഷിന്റെ കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടവും സ്പിരിറ്റ് കച്ചവടവും നടക്കുന്നത്. സി.പി.എം എന്ന പാര്‍ട്ടി സ്പിരിറ്റ് കച്ചവടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്കുന്ന പാര്‍ട്ടിയാണ്. ചിറ്റൂരില്‍ സി.പി.എമ്മിന്റെ അനുമതിയും എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ അറിവും ഇല്ലാതെ ഒരു ലിറ്റര്‍ സ്പിരിറ്റ് പോലും കടുന്നു പോകില്ല. സ്പിരിറ്റ് കച്ചവടത്തിന് സി.പി.എമ്മാണ് പിന്തുണ നല്‍കുന്നത്. ഇപ്പോള്‍ പിടിച്ച സ്പിരിറ്റിന്റെ ഉടമകള്‍ സി.പി.എമ്മുകാരാണ്. അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഡി.സി.സി വൈസ് പ്രസിഡന്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിട്ടും മന്ത്രി പ്രതികരിച്ചില്ലല്ലോ. എല്ലാ നേരവും മാധ്യമങ്ങളെ കാണുന്ന പ്രതിപക്ഷ നേതാവിന് എന്താണ് മൗനമെന്നാണ് മന്ത്രി ചോദിച്ചത്. എവിടെയെങ്കിലും സ്പിരിറ്റ് പിടിച്ചാല്‍ ഞാന്‍ എന്തിനാണ് മറുപടി പറയന്നത്. ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതില്‍ മന്ത്രിക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത? മന്ത്രിയുടെ എല്ലാ നാടകങ്ങളും പൊളിഞ്ഞു. നീല ട്രോളി ബാഗ് ദൂരേക്ക് വലിച്ചെറിയണമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. സി.പി.എം കൊണ്ടു വന്ന എല്ലാ വിഷയങ്ങളും തിരിച്ചടിച്ചു. സ്പിരിറ്റും തിരിച്ചടിക്കും.
ചേലക്കരയില്‍ അയ്യായിരത്തില്‍ താഴെ വോട്ടിന് യു.ഡി.എഫ് വിജയിക്കും. എല്‍.ഡി.എഫ് തോറ്റു പോകുമെന്ന് മുഖ്യമന്ത്രിക്ക് പറായനാകില്ല. പാലക്കാട് അവസാനഘട്ടത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ചു പോയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി.പി.എമ്മിന് രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത അവര്‍ തന്നെ ഇല്ലാതാക്കി. പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. ഇനിയും നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിലാകും. സി.പി.എമ്മിലെ ഉദാത്ത കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ആരും ഹാക്ക് ചെയ്തിട്ടില്ല. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ പോസ്റ്റ് വന്നതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ സി.പി.എം വോട്ട് യു.ഡി.എഫിന് കിട്ടി. തൃശൂര്‍ ഉള്‍പ്പെടെ തിരുവിതാംകൂറില്‍ സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയി. പാര്‍ട്ടി ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാര്‍ പാലക്കാടും ചേലക്കരയിലും യു.ഡി.എഫിന് വോട്ട് ചെയ്യും. പാവപ്പെട്ട കമ്മ്യൂണിസ്റ്റുകാരെ ചതിച്ചു കൊണ്ടാണ് സി.പി.എം നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ ഡീല്‍ നടത്തുന്നത്. ഡീലില്‍ അംഗമല്ലാത്ത പാവം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത്.