ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി

Spread the love

മാനസികാരോഗ്യം, കാഴ്ച, കേള്‍വി, വയോജന ആരോഗ്യം എന്നിവ പ്രധാനം.

രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തില്‍ രക്താതിമര്‍ദം, പ്രമേഹം, കാന്‍സര്‍, ടിബി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്‌നം, കേള്‍വി പ്രശ്‌നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. സ്‌ക്രീനിംഗില്‍ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 46.7 ശതമാനം പേര്‍ക്ക് (23,21,315) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവില്‍ രക്താതിമര്‍ദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി. കാന്‍സര്‍ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 54,772 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 85,551 പേരേയും 16,31,932 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു.

പുതുതായി ഉള്‍പ്പെടുത്തിയവയില്‍ 1,45,622 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേള്‍വി പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 1,24,138 വയോജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. ഇവരില്‍ ആവശ്യമായവര്‍ക്ക് പരിചരണവും ചികിത്സയും ഉറപ്പാക്കി വരുന്നു.

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *