വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാർവത്രിക ഡിജിറ്റൽ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംസ്ഥാന നയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ സർക്കാരിന്റെ പ്രഥമ പരിഗണന നൽകേണ്ട വിഭാഗമായി അനുദിനം വയോജനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. മനുഷ്യരെ അവരുടെ കർമ്മശേഷി അവസാനിക്കുന്ന കാലത്തു നിരുപധികം വലിച്ചെറിയുന്ന പ്രവണത ഈ കാലഘട്ടത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട വിഭാഗം എന്ന നിലയിൽ വയോജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും സമഗ്രമായി പരിശോധിക്കുന്ന നയരേഖ തയ്യാറാക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സി.എം.ഡി. ചെയർമാൻ എസ്. എം. വിജയാനന്ദ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി., സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
.