വയനാട് പുനരധിവാസം വേഗത്തില്‍ നടപ്പാക്കും; മൈക്രോ പ്ലാന്‍ പ്രധാന മുന്നേറ്റം- മന്ത്രി എം.ബി.രാജേഷ്

Spread the love

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രി മിഷന്‍ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനം മേപ്പാടി എം.എസ്.എ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്.

ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കൈമാറിയത്. 5987 സേവനങ്ങള്‍ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. മൈക്രോ പ്‌ളാന്‍ നിര്‍വഹണത്തിലൂടെ ഇവരുടെ ജീവിതാവസ്ഥ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോ പ്‌ളാന്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങള്‍ നിലവില്‍ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മൈക്രോ പ്‌ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതര്‍ക്ക് എത്രയും വേഗം ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തിര പ്രാധാന്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള ഹ്രസ്വകാല പദ്ധതികള്‍ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വ്വഹണ യൂണിറ്റും തുടങ്ങും.

Author

Leave a Reply

Your email address will not be published. Required fields are marked *