കേരളത്തിന്റെ മുഖം മാറ്റാൻ ബുധൻ മുതൽ ഒരാഴ്ച തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ‘വലിച്ചെറിയൽ വിരുദ്ധ വാരം’ ആചരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല. സർക്കാർ രൂപംനൽകിയ വിപുലമായ ബോധവൽക്കരണ പരിപാടികളുടെ തുടക്കമാണ് വലിച്ചെറിയൽ വിരുദ്ധ വാരം. ക്യാമറാ നിരീക്ഷണം ശക്തമാക്കൽ, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കൽ, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിവയൊക്കെ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും.
മാർച്ച് 30ന് മാലിന്യ മുക്ത നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ക്യാമ്പയിൻ നിർണായക പങ്ക് വഹിക്കും. എല്ലാ ജങ്ഷനുകളിലും ജനുവരി 20നുള്ളിൽ ജനകീയ സമിതികളും രൂപീകരിക്കും. വലിച്ചെറിയൽ മുക്തമായ പൊതുവിടങ്ങളാണ് ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൃഷ്ടിക്കുക, സ്‌കൂളുകളെയും കോളജുകളെയും മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുക, നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഭവനസന്ദർശനവും നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പൊതു, ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സർവെ ജനുവരി 15നകം പൂർത്തിയാകും.വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധൻ രാവിലെ 11.30ന് സാഫല്യം കോംപ്ലക്സിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
മാലിന്യകൂനകളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 24 കേന്ദ്രങ്ങൾ പൂർണമായി മാലിന്യമുക്തമാക്കി. ഇങ്ങനെ നീക്കിയത് 3.57 ലക്ഷം ടൺ മാലിന്യം. 10 സ്ഥലത്ത് പ്രവർത്തനം പുരോഗമിക്കുന്നു. 25 കേന്ദ്രങ്ങളിൽ ഉടൻ ആരംഭിക്കും. ഖരമാലിന്യ പരിപാലനത്തിനായി 641 പുതിയ പദ്ധതികളുണ്ട്. സാനിട്ടറി മാലിന്യസംസ്‌കരണ പ്ലാന്റ് (50 പദ്ധതികൾ), ആർഡിഎഫ് പ്ലാന്റ് (ഒമ്പത്), എംസിഎഫ് (554) തുടങ്ങിയവയും അതിൽപെടും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി 3517 സിസിടിവി ക്യാമറകളും സ്ഥാപിച്ചു.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കാൻ ഇവയുടെ ജിഎസ്ടി വർധിപ്പിക്കുകയെന്ന നിർദേശവും തദ്ദേശവകുപ്പ് മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണ്.ഇത് ജിഎസ്ടി വകുപ്പിന് മുന്നിൽ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.