രണ്ട് കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവനകള്‍ അപക്വം; ബി.ജെ.പി നേതാക്കള്‍ക്ക് കേരളത്തോട് പുച്ഛം

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (03/02/2025).

രണ്ട് കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവനകള്‍ അപക്വമാണ്. കേരളം പിന്നാക്കം നില്‍ക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ എന്തെങ്കിലും തരാമെന്നാണ് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്. ഭരണഘടനയില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഉന്നത കുലജാതന്‍ എന്ന സുരേഷ് ഗോപിയുടെ പ്രയോഗം കാലഹരണപ്പെട്ടതാണ്. ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്? കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും സമീപനമാണ് രണ്ടു പേരും പറഞ്ഞത്. ഇവര്‍ക്കൊക്കെ കേരളത്തോട് പുച്ഛമാണ്.

കിഫ്ബി റോഡിലെ ടോള്‍ പ്രായോഗികമല്ല. ഇപ്പോള്‍ തന്നെ നിരവധി ടോള്‍ ഉണ്ട്. മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടു വേണം ടോള്‍ റോഡ് പണിയാന്‍.

മുകേഷിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. രാജിവയ്ക്കണമോയെന്ന് മുകേഷും തീരുമാനിക്കട്ടെ.

തൃശൂരിലെ തോല്‍വി സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ടല്ല ചാനലില്‍ വരുന്നത്. ഞങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു പോയിട്ടില്ല. തോല്‍വിക്ക് പല കാരണങ്ങളുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് കെ.പി.സി.സിയാണ് വെളിപ്പെടുത്തേണ്ടത്. ഇന്ന് ചാനലില്‍ വന്നിരിക്കുന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിയില്ല.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് യു.ഡി.എഫിന്റെ നെടുംതൂണാണ്. എല്ലാ കാര്യത്തിനും അവരുടെ പിന്തുണയുണ്ട്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള ഐക്യം കോണ്‍ഗ്രസും മുസ്ലീംലീഗും യു.ഡി.എഫിലെ ഘടകകക്ഷികളും തമ്മിലുണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും യു.ഡി.എഫില്‍ ഉണ്ടായിട്ടില്ല. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് തലത്തില്‍ 36 സ്ഥലത്ത് പല മുന്നണികളായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും ഒന്നിച്ചാണ് നില്‍ക്കുന്നത്. മലയോര സമര യാത്രയിലും ഒരു ടീം ആയാണ് പോകുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ നേതൃനിരയില്‍ നില്‍ക്കുന്ന നേതാവാണ്. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവരുടെ മന്ത്രിസഭയില്‍ അംഗമായി പരിചയസമ്പന്നനായ ആളാണ് അദ്ദേഹം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എനിക്ക് അദ്ദേഹവും പാര്‍ട്ടിയും പൂര്‍ണമായ സഹകരണം നല്‍കുന്നുണ്ട്. ഒരു പരാതിക്ക് പോലും ഇടനല്‍കാത്ത സഹകരണമാണ് യു.ഡി.എഫില്‍. ഞങ്ങള്‍ ഹാപ്പിയാണ്. പി.വി അന്‍വറിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. അപ്പോള്‍ മാധ്യമങ്ങള്‍ അറിയും.

Author

Leave a Reply

Your email address will not be published. Required fields are marked *